തിരുവനന്തപുരം: മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് എൻസിപി എംഎൽഎ. തോമസ് ചാണ്ടി. വകുപ്പ് പാർട്ടിക്ക് അവകാശപ്പെട്ടതാണ് അത് ആർക്കും വിട്ടു കൊടുക്കില്ലെന്നും തോമസ് ചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താൻ മന്ത്രിയാകുന്നതിൽ മുഖ്യമന്ത്രിക്ക് എതിർപ്പില്ല. എ.കെ.ശശീന്ദ്രനെതിരെയുള്ള അന്വേഷണം പൂർത്തിയായി അദ്ദേഹത്തിനെതിരെയുള്ള ആരോപണത്തിൽ കഴന്പില്ലെന്ന് കണ്ടാൽ മന്ത്രിസ്ഥാനം താൻ ഒഴിയാൻ തയാറാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. മന്ത്രിയാകാൻ തനിക്ക് അയോഗ്യതയില്ല. മൂന്നാമത്തെ തവണയാണ് താൻ നിയമസഭാംഗമായി പ്രവർത്തിക്കുന്നത്. എ.കെ.ശശീന്ദ്രനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപിയുടെ നിർണായക നേതൃയോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് എൻസിപിയുടെ നിർണായക നേതൃയോഗം. എംഎൽഎ ഹോസ്റ്റലിൽ തോമസ് ചാണ്ടി എംഎൽഎ യുടെ മുറിയിലാണ് യോഗം ചേരുന്നത്. യോഗത്തിൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ച ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ചർച്ചയകും. എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും വകുപ്പ് എൻസിപിക്ക് അവകാശപ്പെട്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.