ഇന്‍ഡോറിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ആയുധധാരികളായ ആറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വരുന്ന ട്രക്ക്. എന്തായിരിക്കും അതില്‍ കൊണ്ടുവരുന്നത്? ആഭരണങ്ങള്‍, വിലയേറിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അങ്ങനെ നിരവധി ഉത്തരങ്ങളാണ് നമ്മുടെ മനസിലേക്ക് വരിക. എന്നാല്‍ ആ ട്രക്കില്‍ നിറയെ തക്കാളിയായിരുന്നു. ഇത് കേവലം തമാശയോ ട്രോളോ എഡിറ്റ് ചെയ്ത ഫോട്ടോയോ അല്ല. തക്കാളിയുടെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തക്കാളി കൈവശം വയ്ക്കുന്നതിന്റെ സാഹസികതയും ഏറിയിരിക്കുന്ന സാഹചര്യത്തില്‍ പൊന്നുംവിലയുള്ള തക്കാളികള്‍ റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ നിരവധിയുണ്ടെന്ന തിരിച്ചറിവാണ് തക്കാളിക്ക് സുരക്ഷ നല്‍കാന്‍ കാരണം. അതേസമയം മധ്യപ്രദേശില്‍ അനേകം കര്‍ഷകര്‍ ടണ്‍കണക്കിന് തക്കാളിയാണ് റോഡുകളില്‍ തള്ളിയത്.
വന്‍തോതില്‍ ഉല്‍പ്പാദനം വര്‍ധിച്ചതിനെ തുടര്‍ന്ന് കിലോയ്ക്ക് ഒരു രൂപ എന്ന തരത്തില്‍ തക്കാളിക്ക് വില കുറഞ്ഞതാണ് ഈ വൈരുദ്ധ്യത്തിനു കാരണം. എന്നാല്‍ ഇന്‍ഡോറില്‍ ഇന്ന് ഏറ്റവും വിലയേറിയ പച്ചക്കറി ഉത്പ്പന്നമാണ് തക്കാളി. ദേവി അഹില്യ ബായ് ഹോല്‍ക്കര്‍ എന്ന പച്ചക്കറി മാര്‍ക്കറ്റിലാണ് ഉയര്‍ന്ന വിലയായതിനെ തുടര്‍ന്ന് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്. തക്കാളിയ്ക്ക് പെട്ടെന്നുണ്ടായ ലഭ്യതക്കുറവാണ് വില കൂടാന്‍ കാരണമായത്. കിലോഗ്രാമിനു നൂറു രൂപ വരെയാണ് ചിലയിടങ്ങളില്‍ തക്കാളിയുടെ വില. റോക്കറ്റ് പോലെ കുതിച്ചുയരുന്ന തക്കാളിയുടെ വില മൊത്ത വ്യാപാരികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും സന്തോഷ് നാരംഗ് എന്ന മൊത്ത വ്യാപാരി പറയുന്നു. 2,600 കിലോഗ്രാം തക്കാളിയുമായി പോകുകയായിരുന്ന ട്രക്ക് മുംബൈയില്‍ വെച്ച് കൊള്ളയടിച്ചത് ഈ മാസം തന്നെയായിരുന്നെന്നും ഇതാണ് ഇന്‍ഡോറിലെ വ്യാപാരികളുടെ ആശങ്കയുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.