ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്താനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില. വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്ത് പറഞ്ഞു.
ആഭ്യന്തര വിപണിയില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കണ്ടെയ്നറുകള്‍ കടത്തി വിടുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിതരണം നിലക്കാനിടയാക്കിയത്.
സിന്ദ് പ്രവിശ്യകളില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നുമാണ് ഇപ്പോള്‍ തക്കാളിയും ഉള്ളിയും രാജ്യത്തിന്റെ വിവിധ വിപണികളിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഇനി പച്ചക്കറികള്‍ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികള്‍ പറയുന്നു. 132 മുതല്‍ 140 രൂപ വരെ മാത്രമെ വിപണിയില്‍ തക്കാളിയുടെ വിലയുള്ളൂ എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കടുത്ത ക്ഷാമം നേരിട്ടതോടെ വില പിടിച്ച് നിര്‍ത്താനാവത്ത അവസ്ഥയില്‍ കുതിക്കുകയാണ്.