എടപ്പാൾ: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ സുബീറ ഹർഹത്ത് എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ തെളിവെടുപ്പ് തുടരുന്നു.
പ്രതിയെ വ്യാഴാഴ്ചയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. യുവതിയുടെ ഹാൻഡ് ബാഗും പ്രതി ഉപേക്ഷിച്ച വസ്ത്രവും പരിസരത്തുനിന്നു കണ്ടെത്തി.
മലപ്പുറം മൊബൈൽ ഫോറൻസിക് യൂണിറ്റ് സയന്റിഫിക് ഓഫീസർ സൈനബ ഇളയത്തിന്റെ നേതൃത്വത്തിലാണ് ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റര്‍ മാറിയാണ് പെൺകുട്ടിയുടെ ഹാൻഡ്ബാഗ് കണ്ടെത്തിയത്. മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ബാഗ്.
ചോറ്റൂർ കിഴുക പറമ്പാട്ട് വീട്ടിൽ കബീറിന്റെ മകൾ സുബീറ ഫർഹത്തി (21)നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് തെളിവെടുപ്പ്.
യുവതിയുടെ മൊബൈൽ ഫോണ്‍, ആഭരണങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
സുബീറയുടെ മൊബൈൽ ഫോൺ സമീപത്തെ കുഴൽക്കിണറിലിട്ടെന്നാണ് പ്രതി മുഹമ്മദ് അൻവർ പോലീസിന് നൽകിയ മൊഴി.
മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. അതിനിടയില്‍ തന്നെ കേസില്‍ പരമാവധി വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസ് നീക്കം.
ആഭരണങ്ങൾ കവർച്ച ചെയ്യാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇതു പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.