കൊച്ചി: താന്‍ പുറത്തിറങ്ങിയതിനു ശേഷം മാത്രം രാമലീല റിലീസ് ചെയ്താല്‍ മതിയെന്ന ദിലീപിന്റെ നിര്‍ദ്ദേശം അവഗണിച്ച് ചിത്രം തീയറ്ററിലെത്തിക്കാനൊരുങ്ങി നിര്‍മാതാവ് ടോമിച്ചന് മുളകുപാടം. ഓണച്ചിത്രങ്ങള്‍ക്കു തൊട്ടു പിന്നാലെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ദിലീപിന്റെ ജാമ്യം ഗണപതി കല്യാണം പോലെ നീണ്ടു പോകുന്നതിനാല്‍ അതില്‍ ഇനി പ്രതീക്ഷ വയ്ക്കണ്ടെന്നാണ് ടോമിച്ചന്റെ തീരുമാനം.
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം എന്തു വന്നാലും ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ഇനി ഇക്കാര്യത്തില്‍ ദിലീപിന്റെ ഉപദേശം തേടില്ല. ഇതു സംബന്ധിച്ച് ടോമിച്ചന് മുളകുപാടവും അരുണ്‍ ഗോപിയും യോജിപ്പിലെത്തിയതായാണ് സൂചന. രാമലീലയുടെ റിലീസ് എന്ന് എന്ന ചോദ്യത്തിന് ടോമിച്ചന് മുളകുപാടം മറുപടി പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പറയാനാകില്ല. ഓണം റിലീസായി ചിത്രം പ്ലാന്‍ ചെയ്തിരുന്നില്ല. ചിലപ്പോള്‍ അടുത്ത മാസം റിലീസ് ഉണ്ടായേക്കാം. തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ടല്ല റിലീസ് നീളുന്നത് വര്‍ക്കുകള്‍ തീരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ദിലീപിനെ അരുണ്‍ ഗോപി ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. താന്‍ ജയില്‍ മോചിതനായ ശേഷം ചിത്രം ഇറക്കാമെന്നായിരുന്നു സംവിധായകനോട് ദിലീപ് പറഞ്ഞത്. ഓണത്തിന് മുമ്പ് പുറത്തിറങ്ങുമെന്നും പറഞ്ഞു. എന്നാല്‍ ഒന്നും നടന്നില്ല. ദിലീപ് വിചാരണ തടവുകാരനായി മാറുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ രാമലീല തിയേറ്ററിലിറക്കി കിട്ടുന്ന കളക്ഷന്‍ നേടാനാണ് ടോമിച്ചന്റെ തീരുമാനം. സിനിമ റിലീസ് ചെയ്യാത്തത് വലിയ പ്രതിസന്ധി തനിക്കുണ്ടാക്കുമെന്ന തിരിച്ചറിവുണ്ടായതിനെത്തുടര്ന്നാണ് ടോമിച്ചന്റെ ഈ തീരുമാനം.
ദിലീപിന്റെ ജയില്‍വാസം തുടരുന്നതോടെ കമ്മാര സംഭവം പെട്ടിയിലായി. ഇരുപതു കോടിമുടക്കിയെടുത്ത രാമലീലയ്ക്കു പിന്നാലെ ഷൂട്ടിംഗ് ആരംഭിച്ച കമ്മാരസംഭവത്തിനായി ഇതുവരെ ഒരു കോടി രൂപ മുടക്കുകയും ചെയ്തു. ഇപ്പോള്‍ പരിപാടി നിര്‍ത്തിയാല്‍ നഷ്ടം ഒരു കോടിയില്‍ ഒതുങ്ങുമെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലന് മനസിലായി. വമ്പന്‍ സാമ്പത്തിക കരുത്തുള്ള വ്യക്തിയായതിനാല്‍ ഈ സിനിമ മുടങ്ങുന്നത് ഗോകുലം ഗോപാലനെ അലട്ടുന്നുമില്ല. എന്നാല്‍ ഈ ചിത്രത്തിന്റേതും പുതുമുഖ സംവിധായകനാണ്. രതീഷ് അമ്പാട്ടിന് ഈ സിനിമ മുടങ്ങുന്നത് ഒരു തരത്തിലും ഉള്‍ക്കൊള്ളാനാകില്ല. ദിലീപിന്റെ പ്രഫസര്‍ ഡിങ്കനും വേണ്ടെന്നു വച്ചതായാണ് സൂചന.
ജൂലൈ മാസം ആദ്യമായിരുന്നു രാമലീലയുടെ റിലീസ് നിശ്ചയിച്ചത്. ഇതിന് തൊട്ടുമുമ്പായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ നീട്ടിവച്ചു. ദിലീപിന് അനുകൂല സഹതാപ തരംഗ ഉണ്ടാക്കാനായി ചില പൊടിക്കൈകളുമായി ടീസര്‍ പുറത്തിറങ്ങി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റമൊന്നും ചെയ്തില്ലെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ടീസര്‍. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ തള്ളി. രാമലീലയുടെ ടീസര്‍ പങ്കുവച്ച വികാരത്തിന് എതിരായ വിധിയാണ് പുറത്തുവന്നത്. ഇതോടെ രാമലീല വമ്പന്‍ പ്രതിസന്ധിയിലായി. അഴിക്കുള്ളില്‍ ദിലീപ് കിടക്കുമ്പോള്‍ ഈ സിനിമ ഇറക്കിയാല്‍ നാലു നിലയില്‍ പൊട്ടും. അങ്ങനെ പുലിമുരുകനില്‍ കിട്ടിയ ലാഭം രാമലീലയിലൂടെ മുകളുപാടത്തിന് നഷ്ടമാകുന്നു. ദിലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് ടോമിച്ചന് തിരിച്ചറിയുന്നു.
ഇതില്‍ ഏറ്റവും വലിയ പ്രതിസന്ധി കുമ്മാരസംഭവത്തിനാണ്. ദിലീപില്ലാതെ ഈ ചിത്രം ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ദിലീപും മുരളീഗോപിയും മുഖ്യവേഷത്തിലെത്തുന്ന കുമാരസംഭവം ഏതാണ്ട് ചിത്രീകരണം പൂര്‍ത്തിയാവുകയും ചെയ്തു. മുരളീ ഗോപി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ തമിഴ്നടന്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐ വി ശശി, ലാല്‍ജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് സംവിധായകന് രതീഷ് അമ്പാട്ട്. ഏറെ പ്രതീക്ഷയുമായാണ് ജനപ്രിയ നായകന്റെ ചിത്രത്തിലേക്ക് രതീഷ് അമ്പാട്ട് കാര്യങ്ങളെത്തിച്ചത്.
ദിലീപിന്റെ മറ്റൊരു ചിത്രം പ്രൊഫസര്‍ ഡിങ്കനാണ്. ഒരാഴ്ചത്തെ ഷൂട്ടിങ്ങാണ് നടന്നത്. ഒരു കോടിയിലേറം രൂപ ഈ ബിഗ് ബജറ്റ് സിനിമയ്ക്കായി മുടക്കി കഴിഞ്ഞു. എന്നാല്‍ ഇനിയെന്ന് ഈ സിനിമ തുടങ്ങാനാകുമെന്ന് ആര്‍ക്കും ഉറപ്പില്ല. ഡിങ്കോയിസ്റ്റുകള്‍ ഇതിനെ ഡിങ്ക ദൈവത്തിന്റെ കോപമായും ചിത്രീകരിക്കുന്നു. ഡിങ്കന്റെ പേര് ദുരുപയോഗം ചെയ്താല്‍ ഇതുണ്ടാകുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നതുമാണ്. ഈ പരിഹാസത്തിനേക്കാള്‍ നിര്‍മ്മാതാവിനെ ചിന്തിപ്പിക്കുന്നത് ചിത്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ്. ഈ സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ചു പോലും നിര്‍മ്മാതാവ് ചിന്തിക്കുന്നുണ്ട്. ഇനി ചിത്രവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന ഉപദേശമാണ് പലരും നിര്‍മ്മാതാവിന് നല്‍കുന്നത്. ഇതോടെ കൈനഷ്ടം നിര്‍മ്മാതാവിന് ഉറപ്പായി കഴിഞ്ഞു. മറ്റൊരു നടനെ നായകനാക്കി ഉടനെ ചിത്രം ചെയ്യുന്നതും മോശം ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ പ്രൊഫസര്‍ ഡിങ്കനെന്ന സിനിമയുടെയും കഥ കഴിയുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ദിലീപിന്റെ സിനിമാഭാവി തന്നെ ഇരുളിലാവുകയാണ്.