പുലിയെ മെരുക്കിയ ചങ്കൂറ്റം! ഒരു മലയാള സിനമയ്ക്ക് 30 കോടിയോളം രൂപ മുതല്‍ മുടക്കാന്‍ തയാറായ ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റ കഥ

സ്വന്തം ലേഖകന്‍
Tomichan-mulakupadam-new
മലയാളികള്‍ക്കു കാഴ്ചയുടെ പുതുവസന്തം സമ്മാനിച്ച പുലിമുരുകന്‍ തിയറ്ററില്‍ ആവേശം നിറച്ചു പ്രദര്‍ശനം തുടരുകയാണ്. പുലിയെ കീഴ്‌പ്പെടുത്തുന്ന നായകന്റെ ചങ്കൂറ്റത്തെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. പക്ഷേ ഈ സിനിമയെ യാഥാര്‍ഥ്യമാക്കിയതിനു പിന്നില്‍ മറ്റൊരു ചങ്കൂറ്റത്തിന്റെ കഥയുണ്ട്. ഒരു മലയാള സിനമയ്ക്ക് 30 കോടിയോളം രൂപ മുതല്‍ മുടക്കാന്‍ തയാറായ ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റ കഥ.

2007ല്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഫഌഷ് എന്ന ചിത്രം നിര്‍മിച്ചു കൊണ്ടാണ് മുളകുപാടം ഫിലിംസ് എന്ന ബാനറും ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവും മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.

14 കോടി രൂപയില്‍ താഴെ മുതല്‍മുടക്കില്‍ നിര്‍മാണം ആരംഭിച്ച പുലിമുരുകന്‍ പിന്നീട് മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായി മാറിയപ്പോഴും യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയാറാകാതെ സിനിമ പൂര്‍ത്തീകരിച്ചു തിയറ്ററിലെത്തിച്ച ഈ നിര്‍മാതാവിനു തന്നെയാണ് തിയറ്ററിലെ കൈയടികള്‍ ചെന്നു ചേരുന്നതും.

പുലിമുരുകന്‍ വന്ന വഴി

മാസ് എന്റര്‍ടെയ്‌നറായ പോക്കിരി രാജ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ വൈശാഖിനെ മലയാളത്തിനു പരിചയപ്പെടുത്തിയതു ടോമിച്ചന്‍ മുളകുപാടമായിരുന്നു. മമ്മുട്ടിയും പൃഥ്വിരാജും നായകന്മാരായെത്തിയ സിനിമ മികച്ച വിജയമായി. അതിനു തൊട്ടു പിന്നാലെ പുതിയൊരു സിനിമയും വൈശാഖിന്റെ സംവിധാനത്തില്‍ നിര്‍മിക്കാന്‍ അദ്ദേഹം തയാറാകുകയായിരുന്നു. പക്ഷേ ഒരു നിര്‍ബന്ധമുണ്ടായിരുന്നു. നായകന്‍ മോഹന്‍ലാലായിരിക്കണം. മോഹന്‍ലാലിലെ അഭിനേതാവിനേയും താരത്തേയും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തിരക്കഥയാക്കാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.

2014ലാണ് പുലിമുരുകന്റെ കഥ പൂര്‍ത്തിയാകുന്നത്. പോക്കിരിരാജയുടെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടിലെ ഉദയകൃഷ്ണയുടേതായിരുന്നു തിരക്കഥ. പോക്കിരിരാജയില്‍ വിജയമായി മാറിയ ടോമിച്ചന്‍-ഉദയകൃഷ്ണ-വൈശാഖ് കൂട്ടുകെട്ട് ആവര്‍ത്തിക്കുകയായിരുന്നു പുലിമുരുകനിലും. പോക്കരിരാജപോലെ തന്നെ ആഘോഷ ചിത്രമായിരുന്നു തന്റെ മനസിലെന്നും അദ്ദേഹം പറഞ്ഞു.

പുലിമുരുകനും ബഡ്ജറ്റും
pili2
കഥയുടെ പ്രത്യകത പരിഗണിച്ച് 14 കോടി രൂപ മുതല്‍ മുടക്കില്‍ ചിത്രം പുറത്തിറക്കാനായിരുന്നു ആദ്യ പദ്ധതി. പിന്നീടാണ് ചിത്രത്തിന്റെ ബഡ്ജറ്റ് ഉയര്‍ന്നത്. പീറ്റര്‍ ഹെയ്ന്‍ എന്ന സംഘട്ടന സംവിധായകന്റെ വരവാണു പുലിമുരുകനേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു തന്നെ മാറ്റി മറിച്ചതെന്നു ടോമിച്ചന്‍ മുളകുപാടം പറയുന്നു. മലയാള സിനിമ എന്ന കാഴ്ചപ്പാട് മാറ്റി നിറുത്തി സിനിമയെ സമീപിക്കാന്‍ പീറ്റര്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് സിനിമയുടെ മുഖഛായ തന്നെ മാറുകയായിരുന്നു. സിനിമയുടെ പൂര്‍ണതയ്ക്കു വേണ്ടി വിട്ടു വീഴ്ച്ചകളില്ലാതെ നിലകൊള്ളുകയായിരുന്നു. അന്യഭാഷകളിലും ചിത്രം പുറത്തിറക്കാനുള്ള ഉദ്ദേശത്തോടെയാണു സിനിമ ചിത്രീകരിച്ചത്. അതുകൊണ്ടു തന്നെ മറ്റ് അന്യഭാഷ ചിത്രങ്ങളോടൊപ്പം നില്‍ക്കുന്ന സാങ്കേതിക നിലവാരം പുലിമുരുകനുണ്ടാകണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. നാലുകോടി രൂപയാണ് ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ടിനായി ചെലവാക്കിയത്. ബാഹുബലി സിനിമയുടെ വിഷ്വല്‍ ഇഫക്ട് നിര്‍വഹിച്ച ഫയര്‍ ഫ്‌ളൈയാണ് പുലിമുരുകനു വേണ്ടി പ്രവര്‍ത്തിച്ചത്.

തായ്‌ലന്‍ഡിലായിരുന്നു കടവയും മുരുകനും തമ്മിലുള്ള സംഘട്ടനം ചിത്രീകരിച്ചത്. ഒരു മാസത്തോളം സമയമെടുത്താണു രംഗങ്ങള്‍ ചിത്രീകരിച്ചത്. കാടിനുള്ളിലെ ചിത്രീകരണവും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കിലോമീറ്ററുകളോളം കാട്ടിനുള്ളിലൂടെ സഞ്ചരിച്ചായിരുന്നു ലൊക്കേഷനില്‍ എത്തിയിരുന്നത്. ഒരു ദിവസം പലപ്പോഴും ഒന്നോ രണ്ടോ ഷോട്ടുകള്‍ മാത്രമായിരുന്നു ചിത്രീകരിക്കാന്‍ കഴിഞ്ഞിരുന്നത്. ഇതു ചിത്രത്തിന്റെ ബഡ്ജറ്റ് ഉയരുന്നതിനു കാരണമായി. സിനിമയ്ക്കു പിന്നിലുള്ള അധ്വാനവും ചെലവഴിച്ച തുകയും ഓരോ ഫ്രെയിമിലും കാണാന്‍ സാധിക്കും. ഇതു തന്നെയാണു സിനിമയുടെ വിജയവും.
pili3
വിട്ടുവീഴ്ചകള്‍ക്കു തയാറാകാതെ

ബഡ്ജറ്റ് ഉയരുന്തോറും സിനിമയുടെ ചിത്രീകരണത്തില്‍ വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ പലരും തയാറാകാറുണ്ട്. എന്നാല്‍ യാതൊരു വിട്ടു വീഴ്ചക്കും താന്‍ തയാറായിട്ടില്ല. ഞാന്‍ കാ ണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയാണ് ഞാന്‍ നിര്‍മിക്കുന്നത്. അവിടെ ബഡ്ജറ്റ് ഒരു വെല്ലുവിളിയല്ല- അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തുള്ള മാര്‍ക്കറ്റുകൂടി ലക്ഷ്യം വച്ചുള്ള സിനിമയാണ് പുലിമുരുകനിലൂടെ താന്‍ ഉദ്ദേശിച്ചത്.

അതുകൊണ്ടു തന്നെ വിട്ടുവീഴ്ചകള്‍ക്ക് അവിടെ സ്ഥാനമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗില്‍ മാത്രമല്ല സിനിമയുടെ പ്രമോഷണല്‍ ജോലികളിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. നല്ല പരസ്യം ചെയ്തു. പല സിനിമകളും തിയറ്ററില്‍ പരാജയം നേരിടുന്നതു പലപ്പോഴും പരസ്യത്തിന്റെ കുറവു കൊണ്ടാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള താര സിനിമകളില്‍ ഇനിഷ്യല്‍ കളക്ഷന്‍ വളരെ പ്രധാനമാണ്. നല്ല രീതിയില്‍ പരസ്യം ചെയ്താലേ ആദ്യ ദിനം തിയറ്ററില്‍ ആളുകള്‍ കയറുകയുള്ളൂ.

പുലിമുരുകന്‍ മലയാളത്തിനു പുറത്തേക്ക്
pili4
മലയാളത്തിനപ്പുറത്തക്കു പുലിമുരുകന്‍ തന്റെ സഞ്ചാരം ആരംഭിക്കുകയാണ്. കേരളത്തിലെ വിജയം മറ്റു ഭാഷകളിലും ആവര്‍ത്തിക്കും എന്നാണു കണക്കാക്കുന്നത്. ഈ മാസം 21ന് ചിത്രം തെലുങ്കില്‍ മൊഴി മാറ്റിയെത്തും. ഈ വര്‍ഷമാദ്യം റിലീസ് ചെയ്ത ജനതഗാരേജ്, മനവന്താന്‍ എന്നീ സിനിമകളുടെ വിജയം തെലുങ്കില്‍ മോഹന്‍ലാലിന് നല്‍കിയ സ്വീകാര്യത പുലിമുരുകനും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണു ടോമിച്ചന്‍ മുളകുപാടം. തെലുങ്കില്‍ മാത്രമല്ല തമിഴ്, ഇംഗ്ലീഷ്, വിയറ്റ്‌നാം, ചൈനീസ് ഭാഷകളിലും സിനിമ മൊഴിമാറ്റി റിലീസ് ചെയ്യും.

പുതിയ സിനിമ

കഴിഞ്ഞ രണ്ടു വര്‍ഷമായി മുളകുപാടം ഫിലിംസില്‍ നിന്നും സിനിമകള്‍ ഒന്നും പുറത്തു വന്നിട്ടില്ല. പൂര്‍ണമായും പുലിമുരുകന് പിന്നാലെയായിരുന്നു. ഒന്നിനു പുറകെ ഒന്നായി സിനിമകള്‍ പ്രഖ്യാപിക്കുന്ന പതിവ് തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ദീലീപ്  നായകനാകുന്ന ചിത്രമാണ്  അടുത്തത്. ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. സച്ചി-സേതു ടീമിലെ സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related posts