എം സുരേഷ് ബാബു
തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയുടെ കുപ്പായം മാറ്റി സ്റ്റേഷൻ മാസ്റ്ററുടെ റോളിൽ ഡിജിപി ടോമിൻ ജെ തച്ചങ്കരി. കെഎസ്ആർടിസി തന്പാനൂർ ഡിപ്പോയിലാണ് ഇന്ന് ടോമിൻ ജെ തച്ചങ്കരി സ്റ്റേഷൻ മാസ്റ്ററുടെ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് എത്തിയത്. ഡിപ്പോയിലെ ജീവനക്കാർ അദ്ദേഹത്തെ സ്വീകരിച്ച് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് കൊണ്ട് പോയി.
മുതിർന്ന ജീവനക്കാരിൽ നിന്നും ഡ്യൂട്ടിയുടെ കാര്യങ്ങൾ മനസിലാക്കിയ ശേഷം രാവിലെ മുതൽ അദ്ദേഹം സ്വന്തമായി ഡ്യൂട്ടി നിശ്ചയിച്ച് നൽകൽ ആരംഭിച്ചു. ഡ്രൈവർമാരിൽ നിന്നും കണ്ടക്ടർമാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞ തച്ചങ്കരി കെഎസ്ആർടിസിയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ഉപദേശവും നൽകി. ഇക്കഴിഞ്ഞ മേയ് ഒന്നിന് അദ്ദേഹം കെഎസ്ആർടിസി കണ്ടക്ടറുടെ വേഷത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.
കെഎസ്ആർടിസി എന്താണെന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും നേരിട്ട് പഠിക്കാനാണ് താൻ സ്റ്റേഷൻ മാസ്റ്ററുടെ വേഷം അണിഞ്ഞ് ഇന്ന് ഡ്യൂട്ടി നോക്കാൻ എത്തിയതെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ നല്ല സൗഹൃദം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ സാന്പത്തിക പരാധീനതകളിൽ നിന്നും സ്വയം പര്യാപ്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെഎസ്ആർടിസിയിലെ ഓരോ വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കി പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ എല്ലാ വിഭാഗത്തിലും പ്രവർത്തിയ്ക്കുമെന്നും അതിന് യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസി ഡ്രൈവർ ആകാനും മെക്കാനിക്ക് ആകാനും തനിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസിലാക്കി പരിഹാരം കാണാനാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.