ആലപ്പുഴ: കെഎസ്ആർടിസിയിലെ യൂണിയൻകാരുടെ തറപ്പണികൾ തന്നോടു വേണ്ടെന്നു സിഎംഡി ടോമിൻ ജെ. തച്ചങ്കരി. ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ ഗാരേജ് വിസിറ്റ് നടത്തുകയായിരുന്നു അദ്ദേഹം.
മൗര്യവംശത്തിലെ രാജാവായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ പ്രധാന ഉപദേഷ്ടാവായിരുന്ന കൗടില്യന്റെ അർഥശാസ്ത്രത്തിലെ ചില വരികളെടുത്ത് ഉപമിച്ചായിരുന്നു കെഎസ്ആർടിസിലെ അതിരുകടന്ന യൂണിയൻ പ്രവർത്തനത്തെ എംഡി വിമർശിച്ചത്.
ഒരു രാജ്യത്തു സദ്ഭരണം ഉണ്ടാകുന്പോൾ അസ്വസ്ഥരാകുന്ന രണ്ടു വിഭാഗം ആളുകളാണുള്ളത്. ഒന്ന് കപട ബുദ്ധിജീവികളും രണ്ടാമത്തേത് കള്ളന്മാരും. ഇതുപോലെയാണ് കെഎസ്ആർടിസിയിലെ പരിഷ്കാരങ്ങൾക്കെതിരേ ഇപ്പോൾ ഉയർന്നു വരുന്ന ആക്ഷേപങ്ങളെന്നും തച്ചങ്കരി പറഞ്ഞു.
കെഎസ്ആർടിസിയിലെ നിയമവിരുദ്ധ സമരം വിലക്കിക്കൊണ്ടു കഴിഞ്ഞ ദിവസം എംഡി പുതിയ സർക്കുലർ ഇറക്കിയിരുന്നു. ഇതിനെതിരേ ഒരു വിഭാഗം ജീവനക്കാരുടെയും യൂണിയൻകാരുടെയും ഭാഗത്തുനിന്നു സോഷ്യൽ മീഡിയവഴി കടുത്ത പ്രതിഷേധം ഉയർന്നു.
ഇതിനെതിരേയും എംഡി കടുത്ത ഭാഷയിൽ സംസാരിച്ചു. തന്നെ വിമർശിക്കുന്നവർ തനിക്ക് ആറു മാസത്തെ സമയംകൂടി തരണം. ഇതിനുള്ളിൽ കെഎസ്ആർടിസി നഷ്ടത്തിൽനിന്നു കരകയറും. ഇതിനു ജീവനക്കാരുടെ സഹകരണം മാത്രമാണ് ഏക പോംവഴി.
പുതിയ ബസുകൾ വാങ്ങുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും നിലവിൽ ഉള്ള ബസുകൾ അറ്റകുറ്റപ്പണികൾ തീർത്ത് ഇറക്കുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.