തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ചെറുചലനങ്ങള്‍ വരെ അറിയാന്‍ പുതിയ തന്ത്രങ്ങളുമായി സിഎംഡി ടോമിന് തച്ചങ്കരി. ഇതിനായി പോലീസിലെ സ്പെഷല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു.
കോര്പ്പറേഷന് രൂപീകരണത്തിനു നേതൃത്വം നല്കിയ സോള്‍ട്ടര്‍-5 ന്റെ സ്മരണാര്‍ഥം ‘സോള്‍ട്ടര്‍’ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. ഇവരില്‍ 94 പേരുടെ ആദ്യയോഗം ഇന്നലെ എറണാകുളത്ത് നടന്നു. ഇവരെ 24 പേരടങ്ങിയ മറ്റൊരു സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കും.
രഹസ്യാന്വേഷണത്തിന്റെ മറവില്‍ സഹപ്രവര്‍ത്തകരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സോള്‍ട്ടര്‍ അംഗങ്ങള്‍ ശ്രമിച്ചാല്‍ അതും അറിയാനാണിത്. സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു പറഞ്ഞ് തിരക്കുള്ളസമയങ്ങളില്‍ ബസുകള്‍ വെറുതേ ഇടുക, കോണ്‍വേ ആയി സര്‍വീസ് നടത്തുക, ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണി സമയത്ത് തീര്‍ക്കാതിരിക്കുക, ഓഫീസ് സമയങ്ങളില്‍ ആരൊക്കെ മറ്റു പ്രവര്‍ത്തനം നടത്തുന്നു, ആരൊക്കെ ഒപ്പിട്ട് മുങ്ങുന്നു തുടങ്ങി മുഴുവന്‍ കാര്യങ്ങളും അപ്പപ്പോള്‍ സി.എം.ഡി. അറിയും.
ഇതിനു പുറമേ ചീഫ് ഓഫീസില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി താഴേത്തട്ടില്‍ നടപ്പാക്കുന്നുണ്ടോയെന്നും ഇവര്‍ പരിശോധിക്കും. സിഎംഡി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ ആശയങ്ങളോടുള്ള ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതികരണവും തലപ്പത്ത് അറിയിക്കേണ്ട ചുമതല രഹസ്യാന്വേഷണ വിഭാഗത്തിനാണ്.
കോര്‍പ്പറേഷനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം അതേപടി തുടരും. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസാധുതയുണ്ടാകില്ല. നിലവിലെ സാഹചര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് പലതും ചെയ്യാന്‍ കഴിയുമെന്ന് തച്ചങ്കരി പറഞ്ഞു.