കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാരും തനിക്ക് മക്കളെപ്പോലെയാണെന്നും താന്‍ അവരുടെയെല്ലാം പിതാവും കെഎസ്ആര്‍ടിസി അവരുടെ മാതാവുമാണെന്നുമാണ് എംഡി സ്ഥാനമേറ്റെടുത്തയുടന്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞത്. മലയാളികളുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രസ്താവനയായിരുന്നു അത്. ഇപ്പോഴിതാ വീണ്ടും മറ്റൊരു പ്രസ്താവനയുമായി ടോമിന്‍ തച്ചങ്കരി എത്തിയിരിക്കുന്നു.
കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ജീവനക്കാരോടു സംസാരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയെ കരകയറ്റിയ ശേഷം അക്കാര്യം ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ പരസ്യമായി പൊതുയോഗം നടത്തി പ്രഖ്യാപിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
താന്‍ ഒരു ദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിച്ചിരിക്കും. പക്ഷേ കൂട്ട ഭരണം അനുവദിക്കില്ല. നമ്മള്‍ സഹപ്രവര്‍ത്തകരും സഹോദരന്മാരുമാണ്. പക്ഷേ ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ട. കെഎസ്ആര്‍ടിസിയില്‍ 30% ജീവനക്കാരും ഈ പണിക്കു കൊള്ളുന്നവരല്ല. അവര്‍ വെറുതെ അഭ്യാസം കാണിക്കുകയാണ്. ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തച്ചങ്കരി പറഞ്ഞു.