കൊട്ടാരക്കര : ജീവനക്കാരുടെ പൂർണ പിന്തുണയുണ്ടായാൽ ഒരു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയെ നഷ്ടത്തിൽ നിന്നും കര കയറ്റാനാകുമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. ജില്ലയിലെ കെഎസ്ആർടിസി ഗാരേജ് ജീവനക്കാർക്കായി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മയാണ് കെഎസ്ആർടിസി എന്ന ചിന്തയിലേക്ക് ഓരോ ജീവനക്കാരനും മാറണം. ചെറിയ കാരണങ്ങൾ പറഞ്ഞ് ബസുകൾ ഓടിക്കാതെ ഇരിക്കുമ്പോൾ നഷ്ടം നമുക്ക് തന്നെയാണ്. ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ നികുതി പണമാണ് ശമ്പളമായി നൽകുന്നത്.
ചില ജീവനക്കാരുടെ പിടിപ്പ് കേട് കെഎസ്ആർടിസിയുടെ വളർച്ചയെ മുരടിപ്പിക്കുന്നുണ്ട്. കെഎസ്ആർടിസിയെ ഒരിക്കലും നന്നാക്കാൻ പറ്റില്ലെന്ന വിചാരം മാറ്റുക. കെഎസ്ആർടിസിയെ ആധുനികവത്കരിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുകയാണ്. നമ്മൾ ഒരുമിച്ചാൽ സ്വര്‍ണം കായ്ക്കുന്ന മരമാക്കി കെഎസ്ആർടിസിയെ മാറ്റാം.
കെഎസ്ആർടിസിയിൽ ഇപ്പോൾ ജീവനക്കാർ കൂടുതലാണ്. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ജീവനക്കാരെയെല്ലാം പിരിച്ചു വിടും അതെത്ര ഉന്നതരായാലും നടപടി ഉണ്ടാകും.
ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി കായിക മേള സംഘടിപ്പിക്കും തീം സോങ് പുറത്തിറക്കും.
ജീവനക്കാർ തമ്മിലുള്ള സാഹോദര്യവും സ്നേഹവും വളർത്താൻ ഇത്തരം കൂട്ടായ്മകൾ ആവശ്യമാണെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു. യാത്രക്കാരോട് മാന്യമായി പെരുമാറാനും അവരെ സന്തോഷിപ്പിക്കുവാനും കഴിഞ്ഞാൽ അത് കെഎസ് ആർടിസിയുടെ വളർച്ചയ്ക്ക് ഉപകാര പ്രത മാകുമെന്നും ജീവനക്കാരുടെ അറിവും ആശയവും അറിയിക്കുവാനായി ഐഡിയ ബോക്സ് എന്ന കൂട്ടായ്മ രൂപീകരിക്കുമെന്നും കൂട്ടായ്മയിലൂടെയാണ് വിജയം കൈ വരിക്കാൻ ശ്രമിക്കേണ്ടതും അതിന് താഴെ തട്ടിലും മുകൾ തട്ടിലുമുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.