ശബരിമല സീസണെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വൃഥാവിലായതോടെ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് എംഡി ടോമിന് തച്ചങ്കരി.സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്താല്‍ മാത്രമേ കെഎസ്ആര്‍ടിസിയ്ക്ക് ഇനി രക്ഷയുള്ളൂ.ലാഭകരമല്ലാത്ത ഡിപ്പോകള്‍ ലയിപ്പിച്ചും ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയും കെ.എസ്.ആര്.ടി.സി.ക്ക് നിലവിലെ അവസ്ഥയില്‍നിന്ന് വര്‍ഷം 653.24 കോടിരൂപ ലാഭിക്കാമെന്ന് തച്ചങ്കരിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന യൂണിയനുകള്‍ പാരയുമായി രംഗത്തുണ്ട്. സ്ഥാപനം പൊളിഞ്ഞാലും തച്ചങ്കരി ചോദിക്കുന്നതൊന്നും ചെയ്യരുതെന്നാണ് ഇവരുടെ ആവശ്യം.
നിലവിലുള്ള 93 ഡിപ്പോകളില്‍ 35 എണ്ണം ഇത്തരത്തിലുള്ളതാണ്. ഇവ മറ്റുഡിപ്പോകളില്‍ ലയിപ്പിച്ച് ജീവനക്കാരെ പുനര്‍വിന്യസിച്ചാല്‍ വര്‍ഷം 219.24 കോടി രൂപ നേട്ടമുണ്ടാകും. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്കിയാല് വര്‍ഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്സിന്റെ നിര്‍ദ്ദേശങ്ങള്‍, പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍, കെ.എസ്.ആര്.ടി.സി.യിലെ വിവിധവിഭാഗങ്ങള്‍ നടത്തിയ പഠനങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. കെ.ടി.ഡി.എഫ്.സി.ക്കുള്ള 420 കോടി രൂപയുടെ കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കെ.എസ്.ആര്.ടി.സി.ക്കുള്ള ധനസഹായം തടയുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെതുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഗതാഗത സെക്രട്ടറി ജ്യോതിലാലും തച്ചങ്കരിയുടെ ശത്രുപക്ഷത്താണ്. കെറ്റിഡിഎഫ്സിയില്‍ നിന്നാണ് കെ എസ് ആര് ടി സി ലോണുകള്‍ എടുക്കുന്നത്. കെ എഫ് സിയില്‍ നിന്ന് പലിശയ്ക്ക് പണമെടുത്തുകൊള്ളലാഭത്തിന് കെറ്റിഡിഎഫ്സി കെ എസ് ആര് ടി സിക്ക് നല്കുന്നു. ഇത് മാറി ലോണുകള്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കണം. ഇതോടെ കൊള്ളപ്പലിശ കൊടുക്കുന്നത് ഒഴിവാക്കാം. ഈ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ തച്ചങ്കരിയും കെഎസ്ആര്‍ടിസിയില്‍ നിന്നു പിന്‍വാങ്ങും.
ഡിപ്പോകളുടെ പുനഃക്രമീകരണംകൊണ്ട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മാനേജ്മെന്റ് പറയുന്നു. അമ്പതില്‍ത്താഴെ സര്‍വീസുകള്‍ മാത്രമാണ് ഈ യൂണിറ്റുകളില്‍നിന്നുള്ളത്. സമീപത്ത് യൂണിറ്റുകളുള്ളതിനാല്‍ ഇതില്‍ക്കൂടുതല്‍ സര്‍വീസുകള്‍ ലാഭകരമായി നടത്താനാവില്ലെന്നാണ് തച്ചങ്കരിയുടെ പക്ഷം. ഇതാണ് സര്‍ക്കാരിന് അറിയിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായെത്തിയ ഡിപ്പോകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് പ്രധാനം. യൂണിറ്റുകളെ ബസ് സ്റ്റേഷന്/ഓപ്പറേറ്റിങ് സെന്റര്‍ ആക്കി പരിമിതപ്പെടുത്തിയാല്‍ യാത്രക്കാരെ ബാധിക്കില്ല. പ്രവര്‍ത്തനച്ചെലവ് കുറയും. ഡിപ്പോയുടെ പ്രവര്‍ത്തനത്തിന് മാസം അരക്കോടി രൂപ വേണം. എന്നാല്‍, ഓപ്പറേറ്റിങ് സെന്ററുകള്‍ക്ക് എട്ടുലക്ഷം രൂപ മതി.
യാതൊരു സാധ്യതാപഠനവുമില്ലാതെ തുടങ്ങിയ ഡിപ്പോകളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയ്ക്ക് ബാധ്യതയായിരിക്കുന്നത്. പുതിയ യൂണിറ്റുകളില്‍ അനുവദിക്കുന്ന തസ്തികകള്‍ കോര്പ്പറേഷന് ബാധ്യതയാവുകയാണ്. തെക്കന്‍ ജില്ലകളിലെ ഓഫീസുകളില്‍ ആവശ്യത്തിലധികം സൂപ്രണ്ടുമാരുണ്ട്. ഇതെല്ലാം ഒഴിവാക്കണമെന്നും തച്ചങ്കരി ആവശ്യപ്പെടുന്നു. ആനയറ, ഈഞ്ചയ്ക്കല്‍, മുണ്ടക്കയം, ശാസ്താംകോട്ട, ഇരിട്ടി എന്നിവ ഉപയോഗിക്കാന്‍ കഴിയുന്നില്ല. പ്രധാന റോഡുകളില്‍നിന്ന് അകലെയുള്ള ഡിപ്പോകളും ഫലപ്രദമല്ല. ചാത്തന്നൂര്‍, പന്തളം, മല്ലപ്പള്ളി, കോന്നി, റാന്നി ഡിപ്പോകള്‍ പ്രധാന റോഡുകളില്‍നിന്ന് അകലെയാണ്. ഇതും വേണ്ടെന്ന് വയ്ക്കണമെന്നാണ് ആവശ്യം.
ഡിപ്പോ ലയനത്തിലൂടെ മാസശമ്പളത്തില്‍ 12.21 കോടി ലാഭിക്കാം. പ്രവര്‍ത്തനച്ചെലവില്‍ മാസം 6.06 കോടി ലാഭമുണ്ടാകും. അങ്ങനെ വാര്‍ഷിക നേട്ടം 219.24 കോടിയാകും. അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കുന്നതാണ് മെച്ചം. ഒരു കിലോമീറ്റര്‍ ഓടാന്‍: 12.16 രൂപയാണ് ബസ് അറ്റകുറ്റപ്പണിക്കുള്ള നിലവിലെ ചെലവ്. നാലുരൂപയ്ക്ക് ഏറ്റെടുക്കാന്‍ വാഹനനിര്‍മ്മാതാവ് തയ്യാറാണ്. കിലോമീറ്ററിന് 8.16 രൂപ മിച്ചം. വര്‍ഷം ഇതുവഴി 434 കോടി രൂപ ലാഭം കിട്ടുമെന്നും തച്ചങ്കരി പറയുന്നു. ഒരു ബസില്‍നിന്നുള്ള ശരാശരി ദിവസവരുമാനം 13,000 രൂപയാണ്. ദിവസം നേടാവുന്ന പരമാവധി വരുമാനം ആറരക്കോടി രൂപ. ബസുകള്‍ വാങ്ങാന്‍ അനുവദിച്ച തുക പെന്‍ഷനുവേണ്ടി വിനിയോഗിക്കുകയാണ്. കിലോമീറ്ററിന് 15 രൂപ വാടക നല്കി ദീര്‍ഘദൂര പാതകളിലെ സ്വകാര്യബസുകള്‍ റൂട്ടടക്കം ഏറ്റെടുത്താല്‍ നിലവിലെ നഷ്ടം നികത്താന്‍ കഴിയുമെന്ന് എസ്.ബി.ഐ. ക്യാപ്സിന്റെ പഠനത്തില്‍ പറയുന്നു. ഇതും തച്ചങ്കരി സര്‍ക്കാരിന് മുമ്പില്‍ നിര്‍ദ്ദേശമായി നല്കിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള അവസാന അവസരമായാണ് തച്ചങ്കരി ഇതിനെ കാണുന്നത്.