കൊച്ചി: കെഎസ്ആർടിസിയിൽ പഴയരീതികൾ തന്നെ ഇനിയും പിന്തുടർന്നാൽ ലാഭം പ്രതീക്ഷിക്കേണ്ടെന്ന് എംഡി ടോമിൻ ജെ.തച്ചങ്കരി. കെഎസ്ആർടിസി എംഡിയായി ചുമതലയേറ്റശേഷം സംസ്ഥാനത്തെ പ്രധാന ഡിപ്പോകൾ സന്ദർശിച്ച് ജീവനക്കാരെ നേരിട്ടു കാണുന്നതിന്റെ ഭാഗമായി എറണാകുളം ഡിപ്പോയിൽ എത്തിയതായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയിലെ നാൽപത്തയ്യായിരത്തോളം വരുന്ന തൊഴിലാളികൾ തന്റെ മക്കളെപ്പോലെയാണ്. താനവരുടെ പിതാവും ട്രാൻസ്പോർട്ട് കോർപറേഷൻ മാതാവുമാണ്. അനർഹമായ ആനുകൂല്യങ്ങൾ പറ്റുന്ന ജീവനക്കാർ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്നോർക്കണം.
ഇന്ത്യയിൽ ഏറ്റവും നഷ്ടം വരുത്തുന്ന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ കെഎസ്ആർടിസി ആണ്. കണക്കുകളനുസരിച്ച് 2000 കോടി രൂപയാണ് നഷ്ടം. എവിടെയാണ് പ്രശ്നം എന്നു നമ്മൾ കണ്ടെത്തണം.
നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളാണ് കോർപറേഷനെ നഷ്ടത്തിലാക്കുന്നത്. നിലവിലുള്ള തൊഴിൽ സംസ്കാരം മാറണം. ജോലി ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഒരേ ശന്പളം എന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.