പൊണ്ണത്തടഎല്ലാക്കാലത്തും വലിയ പ്രശ്നമാണല്ലൊ. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്ന് തടിവച്ചവര് ധാരാളമുണ്ട്.
ലോക്ഡൗണ്‍ അവസാനിച്ചതിനുശേഷം പൊണ്ണത്തടി കാരണം പുറത്തിറങ്ങാന്‍ മടിച്ചവരും ഏറെയുണ്ട്. പൊണ്ണത്തടി കാരണം കഷ്ടപ്പെടുന്ന മൃഗങ്ങളുമുണ്ട്.
ടോമിയെന്ന നായയും അത്തരത്തില്‍ കഷ്ടപ്പെടുകയായിരുന്നു.അവസാനം പൊണ്ണത്തടി കുറച്ച് സുന്ദരനായിത്തീര്ന്നിരിക്കുകയാണ് ടോമിയെന്ന നായ.
ഭക്ഷണമാണോ പോന്നോട്ടെ…
ചെല്‍സിയയിലെ ടാനിയ പീറ്ററിന്റെ അരുമയായിരുന്നു ടോമി. ടാനിയയുടെ അമ്മയുടെ അടുത്തായിരുന്നു കുറച്ചുകാലമായി ടോമി താമസിച്ചിരുന്നത്.
ടാനിയയുടെ അമ്മയ്ക്ക് ആൽസ്ഹൈമേഴ്സാണെന്ന് കണ്ടെത്തിയത് ഈ അടുത്താണ്. ഓര്‍മ്മക്കുറവുമൂലം അമ്മ ടോമിക്ക് എപ്പോഴും ഭക്ഷണം നല്‍കുമായിരുന്നു.
ടോമിയാകട്ടെ കിട്ടുമ്പോഴൊക്കെ ഭക്ഷണവും കഴിച്ചു. അങ്ങനെ കഴിച്ചുകഴിച്ച് അവന്റെ ഭാരം 13.5 കിലോഗ്രാമായി. ഇതോടെ നില്‍ക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലുമെത്തി.
എഴുന്നേറ്റ് നിന്നാല്‍ ടോമിയുടെ കാലുകള്‍ക്ക് ആ ഭാരം താങ്ങാന്‍ പറ്റാതെ വീണു പോകുന്ന അവസ്ഥ.
ഈ അവസ്ഥ കണ്ടാണ് ടാനിയ ടോമിയെ കെയര്‍ ഹോമില്‍ എത്തിച്ചത്. രോമമെല്ലാം വളര്‍ന്നതോടെ ഒരു ചെമ്മരിയാടിനെപ്പോലെയായി ടോമി.
അമ്മയ്ക്ക് സങ്കടം
ടോമിയെ അമ്മയുടെ അടുത്തുനിന്നു കെയര്‍ ഹോമിലേക്ക് മാറ്റിയതോടെ അമ്മയ്ക്ക് ആകെ സങ്കടമായി.
പക്ഷേ, ടോമിയെ മാറ്റിയില്ലെങ്കില്‍ അത് വലിയ പ്രശ്നമാകുമെന്ന് മനസിലാക്കിയതോടെ ടാനിയ നിര്‍ബന്ധമായി ടോമിയെ മാറ്റി.
അങ്ങനെ കെയര്‍ ഹോമില്‍ കൃത്യമായ അളവില്‍ കൃത്യ സമയത്ത് ഭക്ഷണം നല്കി ടോമിയുടെ തടി കുറച്ചിരിക്കുകയാണ്.
നാല് കിലോ ഭാരമാണ് ടോമി കുറച്ചിരിക്കുന്നത്. ഗ്രൂമേഴ്സിന്റെ അടുത്ത് കൊണ്ടുപോയി രോമമൊക്കെ മുറിച്ച് ഗ്രൂം ചെയ്ത് എടുത്തതോടെ മിടുക്കനും സുന്ദരനുമായിരിക്കുകയാണു ടോമി.
ടോമിയിപ്പോള് ആക്ടീവാണ്
എന്തായാലും ടോമിയിപ്പോള് വളരെ ആക്ടീവാണെന്നു ടാനിയ പറയുന്നു. വീട്ടിലെ മറ്റ് നായകൾക്കും പൂച്ചകള്‍ക്കുമൊപ്പം ടോമിയും ഓടിച്ചാടി നടക്കുകയാണ്.
ടോമിയുടെ ഭാരം എട്ട് കിലോയിലേക്ക് എത്തിക്കുകയാണ് ടാനിയയുടെ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലാണ് ടാനിയയും ടോമിയും.