കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത കമ്പനി സോണ്ട ഇന്‍ഫ്രാടെക്കിനെതിരേ ആരോപണം ഉന്നയിച്ചത് മുതല്‍ കമ്പനി പല രീതിയില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി.
മലബാറിലുള്ള ഒരു മുന്‍ എംപിയുമായി അടുപ്പമുള്ള നിര്‍മാതാവാണ് കമ്പനിക്ക് വേണ്ടി തന്നെ ഒന്നരവര്‍ഷം മുന്‍പ് സമീപിച്ചത്.
ആരോപണങ്ങളില്‍നിന്ന് പിന്മാറാനായി എന്തും ചെയ്യാമെന്ന് ഫോണ്‍ വഴി സോണ്ട എംഡി രാജ് കുമാര്‍ ചെല്ലപ്പന് പറഞ്ഞുവെന്ന് ടോണി ചമ്മണി വ്യക്തമാക്കി.
താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും ജിജെ ഇക്കോ പവര്‍ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മണി വ്യക്തമാക്കി.
ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിനായി കരാറിലേര്‍പ്പെട്ട് പിന്നീട് സര്‍ക്കാര്‍ പുറത്താക്കിയ ജിജെ ഇക്കോ പവര്‍ കമ്പനിയ്ക്ക് വേണ്ടി ടോണി ചമ്മണി ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു സോണ്ട എംഡി രാജ് കുമാര്‍ ചെല്ലപ്പന്റെ ആരോപണം.
ജിജെ ഇക്കോ പവര്‍ എന്ന കമ്പനിയുമായി തനിക്ക് ഒരു ബന്ധവുമില്ല. തന്റെ ആരോപണങ്ങള്‍ക്കെതിരേ നിയമനടപടി എടുക്കാന്‍ സോണ്ട ഇന്‍ഫ്രാടെക്കിനെ വെല്ലുവിളിക്കുന്നുവെന്നും ടോണി ചമ്മണി പറഞ്ഞു.