ബെന്നി ചിറയിൽ
ചങ്ങനാശേരി: കൊച്ചി-മംഗലാപുരം ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കാൻ പരിശ്രമിച്ചവരുടെ മുൻനിരയിൽ ഒരു ചങ്ങനാശേരിക്കാരനും.
പത്തുവർഷത്തെ കഠിനയത്നം ഫലം കണ്ടപ്പോൾ ഗെയിൽ ജനറൽ മാനേജർ വാഴപ്പള്ളി മതുമൂല പുത്തൻപറന്പിൽ ടോണി മാത്യുവിന്റെ മനസിലും ആഹ്ലാദം. പൈപ്പുകളിലൂടെ പ്രകൃതിവാതകം അടുക്കളകളിലെത്തിക്കുന്ന പദ്ധതിയാണിത്.
വീടുകൾക്കും വാഹനങ്ങൾക്കും വിലക്കുറവിൽ ഇന്ധനം ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് ടോണി മാത്യു പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ളതിനാൽ ഹരിത ഇന്ധനം എന്ന പേരിലും ഇത് അറിയപ്പെടുന്നു.
മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ സ്ഥലമാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്തിരുന്നത്. കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് അത് 20 മീറ്ററായി ആദ്യം ചുരുക്കിയെങ്കിലും പിന്നീട് 10 മീറ്റർ ആയി വീണ്ടും പരിമിതപ്പെടുത്തേണ്ടി വന്നു.
എങ്കിലും നിർമാണ സമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ വീതിയിലുണ്ടായിരുന്ന വിളകൾക്കുള്ള നഷ്ടപരിഹാരം നല്കി.
കൊച്ചി- മംഗലാപുരം 444 കിലോമീറ്റർ
3000 കോടി രൂപയോളം ചെലവിൽ കൊച്ചിയിലെ വൈപ്പിനിൽ നിന്നാരംഭിച്ച് മംഗലാപുരം വരെ 444 കിലോമീറ്റർ ദൂരത്തിലാണ് ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയായത്.
2010ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2013 ഓഗസ്റ്റ് 25ന് കൊച്ചിയിലെ വ്യവസായശാലകൾക്ക് പ്രകൃതി വാതകം എത്തിച്ച് പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കംകുറിച്ചു.
രണ്ടാം ഘട്ടം കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്കുള്ള പൈപപ്പ് ലൈൻ 2012 ജനുവരിയിൽ ആരംഭിച്ചെങ്കിലും ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് മുന്പോട്ടു നീങ്ങാനാവാതെ നിർത്തിവച്ചു. 2014ൽ കരാറുകളും റദ്ദാക്കപ്പെട്ടു. 2016ലാണ് പദ്ധതി വീണ്ടും പുനരാരംഭിച്ചത്.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിതരണകരാർ അദാനി ഗ്രൂപ്പിനാണ്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിതരണത്തിന്റെ ചുമതല അറ്റ്ലാന്റിക് ഗൾഫ് ആന്ഡ് പസഫിക് ഗ്രൂപ്പ് ലിമിറ്റഡ് കന്പനിക്കാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വിതരണത്തിനുള്ള പ്രാഥമിക നടപടികൾ ഈ മാസം പൂർത്തിയാകും.
കേരളത്തിൽ പദ്ധതി പൂർത്തിയാക്കി നാടിനു സമർപ്പിച്ചതോടെ, ഗെയിൽ കണ്സ്ട്രക്ഷൻ ജനറൽ മാനേജരായ ടോണി മാത്യുവിനു പുതിയ നിയോഗം ലഭിച്ചു. 1400 കിലോമീറ്റർ ദൂരമുള്ള മുംബൈ -നാഗ്പൂർ- ജർസുഗുഡ(ഒഡീഷ) പൈപപ്പ് പദ്ധതിയുടെ നിർമാണ ചുമതലയിൽ അദ്ദേഹം നിയമിതനായി.
രാജ്യത്തെ വിവിധ ഗെയിൽ പദ്ധതികൾ കൂടാതെ പോണ്ടിച്ചേരി എയർപോർട്ട്, കൊച്ചിയിലെ റീജണൽ ഗ്ലാസ് മാനേജ്മെന്റ് സെന്റർ തുടങ്ങിയവയുടെ നിർമാണച്ചുമതലയും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
വാഴപ്പള്ളി സെന്റ് തെരേസാസ്, എസ്ബി കോളജ് എന്നിവിടങ്ങളിലെ പഠനശേഷം കോതമംഗലം എംഎ കോളജിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ ടോണി മാത്യു, 1992ലാണ് ഗെയിലിൽ ചേർന്നത്.
ചങ്ങനാശേരി വാഴപ്പള്ളി പുത്തൻപറന്പിൽ പി.വി മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകനാണ്.