തിരുവനന്തപുരം: പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ തുടങ്ങി മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിലൂടെ ബാലതാരമായെത്തി പ്രേക്ഷകഹൃദയത്തിലിടം നേടിയ ടോണി സിജിമോൻ നായകവേഷത്തിലേക്കു ചുവടുവയ്ക്കുന്നു.
ടോണി നായകനാവുന്ന ആദ്യ ചിത്രം ’വെള്ളരിക്കാപ്പട്ടണം’ 23 ന് റീലിസ് ചെയ്യും. നവാഗത സംവിധായകൻ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മംഗലേശരി മൂവീസിന്റെ ബാനറിൽ മോഹൻ കെ. കുറുപ്പാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം ചർച്ച ചെയ്യുന്ന സിനിമയിലൂടെ നായകനിരയിലേക്ക് ചുവടുവയ്ക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോൻ പറഞ്ഞു.
ഒന്നിനോടും താത്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തൻ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നൽകുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്കു ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാൽ ഏതൊരു പരാജിതന്റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.
ചാനൽ ഷോകളിൽ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകൻ ബ്ലെസിയാണ് ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി.
എൻജിനിയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോൾ തിരുവനന്തപുരം ഇൻഫോസിസിൽ ജോലി ചെയ്യുകയാണ്. വെള്ളരിക്കാപ്പട്ടണത്തിലൂടെ മുൻമന്ത്രിമാരായ കെ.കെ. ശൈലജയും, വി.എസ്. സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. യുവനടിമാരായ ജാൻവി ബൈജുവും ഗൗരി ഗോപികയുമാണ് നായികമാർ.