ഗാന്ധിനഗർ: തൊണ്ടയിൽ കുടുങ്ങിയ ടൂത്ത് ബ്രഷ് നീക്കം ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മുണ്ടക്കയം സ്വദേശിനി 40കാരിയുടെ തൊണ്ടയിലാണ് പല്ല് തേയ്ക്കുന്ന ബ്രഷ് കുടുങ്ങിയത്. അഞ്ചു ദിവസം മുന്പായിരുന്നു സംഭവം.
തൊണ്ടയിൽ ഉണ്ടായിരുന്ന അസ്വസ്ഥതയെ തുടർന്ന് പല്ലുതേയ്ക്കുന്നതിനിടെ ബ്രഷ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് തൊണ്ടയ്ക്ക് വേദനയും പഴുപ്പും ഉണ്ടായി.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇഎൻറ്റി വിഭാഗത്തിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബ്രഷ് വയറ്റിലെത്തിയ വിവരം വ്യക്തമായത്.
ചെറിയ കഷണങ്ങളാക്കി പുറത്തെടുക്കുന്നത് അപകടകരമായതിനാൽ ബ്രഷ് മുഴുവനായിത്തന്നെ പുറത്തെടുക്കുകയായിരുന്നു. വളരെ ബുദ്ധിമുട്ട് നിറഞ്ഞതും മണിക്കുകൾ നീണ്ടു നിന്നതുമായ പരിശോധനയിലൂടെയാണ് ബ്രഷ് പുറത്തെടുത്തതെന്ന് മേധാവി ഡോ പ്രേമലത പറഞ്ഞു. രോഗി ഉടൻ ആശുപത്രി വിടും.