ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുന്പോൾ മൃദുവായ ബ്രസിൽസുള്ള ബ്രഷ് തെരഞ്ഞെടുക്കണം. മൂന്നു മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റാനും മറക്കരുത്. വെപ്പുപല്ലുകൾ വൃത്തിയാക്കുന്നതിനു കട്ടി കൂടിയ ടൂത്ത് ബ്രഷുകൾ ഉപയോഗിക്കണം. പല്ലിൽ കന്പിയിട്ട് ചികിത്സ ചെയ്യുന്നവർ ദന്തഡോക്ടർ നിർദേശിക്കുന്ന ബ്രഷ് ഉപയോഗിക്കുക.
എത്ര അളവിൽ ടൂത്ത് പേസ്റ്റ്..?
ടൂത്ത് ബ്രഷിന്റെ സഹായത്തോടെ പല്ലുകൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുവാണു ടൂത്ത് പേസ്റ്റ്. ഇവ പല്ലിലെ അഴുക്കു കുറയ്ക്കാനും ദന്തക്ഷയം തടയാനും വായ ഫ്രഷായിരിക്കാനും സഹായിക്കുന്നു.
ആറുമാസം മുതൽ രണ്ടു വയസു വരെയുള്ള കുട്ടികളിൽ നേരിയ അളവിലും രണ്ടു മുതൽ ആറു വയസുവരെയുള്ള കുട്ടികളിൽ പയറുമണിയുടെ വലുപ്പത്തിലും ടൂത്ത് പേസ്റ്റ് ബ്രഷിൽ എടുത്തു പല്ലു തേയ്ക്കേണ്ടതാണ്.
മുതിർന്നവരിൽ ബ്രഷിന്റെ ബ്രസിൽസിന്റെ മുഴുനീളത്തിൽ പേസ്റ്റ് ഉപയോഗിക്കേണ്ടതാണ്. പല്ലു സെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ അതിന്റെ ബ്രഷും പേസ്റ്റുംവച്ച് സെറ്റ് വൃത്തിയാക്കണം.
എങ്ങനെ ബ്രഷ് ചെയ്യണം?
ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസത്തിൽ രണ്ടു തവണ രണ്ടു മിനിറ്റു നേരം പല്ലു തേക്കണം. ബ്രഷ് ചെയ്തതിനുശേഷം അധികം വരുന്ന ടൂത്ത് പേസ്റ്റ് തുപ്പിക്കളയുക. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഉടനെതന്നെ വായ വെള്ളമുപയോഗിച്ചു കഴുകാതെയിരുന്നാൽ ഫ്ളൂറൈഡ് പല്ലുകളിൽ ഫലപ്രദമായി തുടരുമെന്നത് ഉറപ്പാണ്.
ബലം കൊടുത്ത് പല്ലു തേച്ചാൽ…
മോണയ്ക്ക് 45 ഡിഗ്രി ചെരിച്ച് ടൂത്ത് ബ്രഷ് വയ്ക്കുക.സൗമ്യമായ വൃത്താകൃതിയിലുള്ള ചലനം ഉപയോഗിക്കുക. അകത്തെ ഉപരിതലത്തിൽ ഇതുപോലെ ആവർത്തിക്കുക. ചവയ്ക്കുന്ന പ്രതലങ്ങളിൽ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം ഉപയോഗിക്കുക. ബ്രഷ് ചെയ്തശേഷം ടൂത്ത് പേസ്റ്റ് തുപ്പുക.
മൃദുലമായ ബ്രസിൽസുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് പല്ലു തേയ്മാനം തടയുന്നു. ഒരുപാടു ശക്തിയിൽ പല്ലു തേക്കുന്നതും ദീർഘസമയം പല്ലു തേക്കുന്നതും പല്ലുപുളിപ്പിനും പല്ലുകളുടെ തേയ്മാനത്തിനും കാരണമാകും.
ഡെന്റൽ ഫ്ളോസ് എന്തിന്?
പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും എന്നാൽ ടൂത്ത് ബ്രഷ് ഉപയോഗിച്ചു വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാര പദാർഥങ്ങളെ നീക്കംചെയ്യാൻ ഉപയോഗിക്കുന്ന വസ്തുവാണ് ഇത്.
നൂലുപോലുള്ള വസ്തു (ഡെന്റൽ ഫ്ളോസ്) ഉപയോഗിച്ചാണു ചെയ്യുന്നത്. നമ്മുടെ രണ്ടു കൈയുടെ നടുവിരലുകളിൽ പിടിച്ചുവേണം ഫ്ളോസ് ചെയ്യേണ്ടത്.
ഫ്ളോസ് ചെയ്യുന്പോൾ മോണകൾക്കു ക്ഷതം വരാതെ ചെയ്യണം. പല്ലുകൾക്കിടയിലൂടെ ഫ്ളോസ് മുന്നോട്ടും പുറകിലോട്ടും നീക്കിവേണം ക്ലീൻ ചെയ്യാൻ. ദിവസത്തിൽ ഒരിക്കലെങ്കിലും ഫ്ളോസ് ചെയ്യാൻ ശ്രദ്ധിക്കുക.
മൗത്ത് വാഷ്
പല്ലുകൾ കേടാകാതിരിക്കുന്നതിനും ശുദ്ധമായ ശ്വാസത്തിനും നന്നായി ബ്രഷ് ചെയ്യുന്നതിനോടൊപ്പംതന്നെ മൗത്ത് വാഷും ഉപയോഗിക്കാം. വിപണിയിൽ ലഭിക്കുന്ന മൗത്ത് വാഷുകൾ നിർമാതാക്കളുടെ ഉപയോഗ നിർദേശങ്ങൾ പാലിച്ച് ഉപയോഗിക്കുക.
20 എംഎൽ മൗത്ത് വാഷ് എടുക്കുക. മൗത്ത് വാഷ് വായിൽ ഒഴിക്കുക. 30 സെക്കൻഡ് മൗത്ത് വാഷ് ഉപയോഗിച്ച് വായ കുലുക്കി കഴുകുക. അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിച്ചു കഴുകുക.
പല്ലു തേച്ച് 20 മിനിറ്റു ശേഷം മാത്രം മൗത്ത് വാഷ് ഉപയോഗിക്കുകയ മൗത്ത് വാഷ് ഒരു കാരണവശാലും വിഴുങ്ങരുത്. ആൽക്കഹോൾ ഇല്ലാത്ത മൗത്ത് വാഷ് തെരഞ്ഞെടുക്കുക.
മോണ മസാജ്…
മേൽപറഞ്ഞ ദന്തപരിപാലന മാർഗങ്ങൾ കൂടാതെ വാട്ടർ ഇറിഗേഷൻ ഉപകരണങ്ങളും ഉപയോഗിക്കാം. ടൂത്ത് ബ്രഷോ കൈവിരലോ കൊണ്ട് മോണ മസാജ് ചെയ്യുന്നതും നല്ലതാണ്. പല്ലുകൾപോലെതന്നെ നാക്കിന്റെ പ്രതലത്തിലും ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടാതം. ടൂത്ത് ബ്രഷോ ടംഗ് ക്ലീനറോ ഉപയോഗിച്ച് അതു നീക്കം ചെയ്യണം.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903