പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം.
ബ്രഷും പേസ്റ്റും
പ്രാചീനകാലം മുതൽ ടൂത്ത് ബ്രഷുകൾ ഉപയോഗത്തിലുള്ളതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് മാവിൻ തണ്ടു കൊണ്ടോ ഉമിക്കരിയും വിരലുകളും കൊണ്ടോ പല്ലുതേക്കുന്നതല്ലേ നല്ലതെന്ന്.
നമ്മുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് പല്ലുതേക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ആധുനിക ഭക്ഷണത്തിന് ആധുനിക രീതിയായ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ലുതേക്കുക എന്നുള്ളതു തന്നെയാണ് ശരിയായ രീതി.
ബ്രഷ് എന്തിന്?
1. പല്ലിന്റെ ഇടയിൽ കയറുന്നതും ഉപരിതലത്തിൽ പറ്റിപ്പിടിക്കുന്നതുമായ അന്നന്ന് കഴിച്ച ഭക്ഷണസാധനങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നു.
2. പ്ലാക്ക് ഉണ്ടാവാതെ സഹായിക്കുന്നു.
3. മോണയ്ക്ക് മസാജിംഗ് ലഭിക്കുന്നു.
4. നാക്കു ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നു.
ടൂത്ത് ബ്രഷ്
കൈ പിടിച്ച് ബ്രഷ് ചെയ്യുന്ന ഭാഗമാണ് ഹാൻഡിൽ. ഇത് വീതി കൂടിയതും വീതി കുറഞ്ഞതും ഗ്രിപ്പ് കുറഞ്ഞതും കൂടിയതുമൊക്ക െയായി പലതരത്തിലുള്ള ഡിസൈനിൽ ലഭിക്കും. ആംഗിൾഡ് ഹാൻഡിൽ ഉപയോഗിക്കാനുള്ള സൗകര്യം കൂട്ടുന്നു.
ഹെഡ്
ഈ ഭാഗമാണ് നമ്മുടെ വായ്ക്കുള്ളിൽ പ്രവേശിക്കുന്നതും പല്ലുകളുടെ എല്ലാ ഭാഗങ്ങളിലും ചെല്ലുന്നതും. ഇത് ചെറുതും നൈലോൺ നാരുകൾ പ്ലാസ്റ്റിക് ഭാഗങ്ങളിൽ ഉറപ്പിച്ചിരിക്കുന്നതുമാണ്.കുഞ്ഞുങ്ങളുടെ ബ്രഷിൽ ഈ ഭാഗം വളരെ ചെറുതായിരിക്കും.
ബ്രിസിൽസ്
നാരുകൾക്ക് ബ്രിസിൽസ് എന്നാണ് പറയുന്നത്. ബ്രിസിൽസ് പല്ലുമായും മോണയുമായും നേരിട്ടു ബന്ധപ്പെടുന്ന ഭാഗങ്ങളാണ്. കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും അനുസരിച്ചാണ് ബ്രഷിന്റെ ഹെഡ് നിർമിക്കുന്നത്. ബ്രഷുകൾ സാധാരണയായി സോഫ്റ്റ് , മീഡിയം, ഹാർഡ് എന്ന രീതിയിലാണ് മാർക്കറ്റിൽ കാണാറുള്ളത്.