ഹൈദരാബാദ്: താരങ്ങളോടുള്ള ആരാധന പലവിധത്തിലാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. അതിരുകവിയുന്ന ആരാധനകൾ അപകടങ്ങൾ വരുത്തിവയ്ക്കാറുമുണ്ട്.എന്നാൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ റിലീസിംഗിനൊരുങ്ങുന്ന പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലെ ഗെറ്റപ്പ് വരച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഷിന്റു മൗര്യ എന്ന യുവാവ്. ചിത്രം വൈറലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്.
ചിത്രം വരച്ചതു പാരന്പര്യ സങ്കേതങ്ങൾക്കു പകരം, ചുവന്ന ടൂത്ത് പേസ്റ്റ് കൊണ്ടാണ്. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനിടെ ശ്രീരാമന്റെ ചിത്രം വരച്ചു ജനശ്രദ്ധ നേടിയ കലാകാരനാണ് ഷിന്റു. വരയ്ക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ “പുഷ്പ പുഷ്പ പുഷ്പരാജ്’ എന്ന ജനപ്രിയ ഗാനമാണ് വീഡിയോയ്ക്കു പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത്.
അല്ലു അർജുന്റെ വരാനിരിക്കുന്ന ചിത്രം “പുഷ്പ: ദി റൂൾ’ ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ, റാവു രമേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പുഷ്പയുടെ രണ്ടാംഭാഗം.