പല്ലുതേക്കാൻ മടിയുള്ള ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ ചിക്കൻ വേണോന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ യെസ് മൂളുന്നവരാകും അക്കൂട്ടത്തിൽ ഭൂരിഭാഗം ആളുകളും. പല്ലുതേക്കാൻ മടിച്ച് നിൽക്കുന്ന ചിക്കൻ കൊതിയൻമാർക്ക് വേണ്ടി വിപണിയിൽ പുതിയൊരു സാധനം ഇറക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ടൂത്ത് പേസ്റ്റ് ആണ്.
ഓസ്ട്രേലിയയിലെ ഹിസ്മൈൽ എന്ന ദന്ത പരിചരണ കന്പനിയുമായി ചേർന്ന് കെഎഫ്സി ആണ് വറുത്ത ചിക്കന്റെ രുചിയുള്ള ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. രസം അതൊന്നുമല്ല. പേസ്റ്റ് ഇപ്പോൾ കിട്ടാനില്ല. പുറത്തിറക്കിയ ഉത്പന്നങ്ങൾ അത്രയും വിറ്റു തീർന്നു.
പതിനൊന്ന് ഔഷധ സസ്യങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കെഎഫ്സി ഈ പേസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. പല്ലു തേക്കുന്പോൾ കെഎഫ്സിയുടെ ചൂടുള്ള ജ്യൂസിയായ ഒരു ചിക്കൻ ഫ്രൈ കഴിക്കുന്ന രുചി വായിൽ നിറയും. പക്ഷേ, കുളിർമയും അതോടൊപ്പം വൃത്തിയും ഉണ്ടാകും. അവസാനം മികച്ച ഒരു പല്ലു തേക്കൽ അനുഭവം തന്നെ ഈ പേസ്റ്റ് നൽകുമെന്നാണ് കെഎഫ്സി പേസ്റ്റിനെക്കുറിച്ച് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നത്.
പതിമൂന്ന് ഡോളർ ഏകദേശം 1,123 രൂപയായിരുന്നു പേസ്റ്റിന്റെ വില. ഹിസ്മൈൽ വെബ്സൈറ്റിൽ മാത്രമേ ഉത്പന്നം ലഭ്യമായിരുന്നുള്ളു.പക്ഷേ, ഏപ്രിൽ എട്ടിന് രാവിലെയായപ്പോഴേക്കും പേസ്റ്റ് മഴുവൻ വിറ്റു തീർന്നു.