കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് മുന്നേറ്റം. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,360 രൂപയും പവന് 50,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മാര്‍ച്ച് 29 ലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 6,300 രൂപ, പവന് 50,400 രൂപ എന്നതാണ് ഇന്ന് ഭേദിക്കപ്പെട്ടത്.
അന്താരാഷ്ട്ര സ്വര്‍ണവില 2,262 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില ഫെബ്രുവരി 13ന് 1,981 ഡോളര്‍ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളര്‍ ആണ് വര്‍ധിച്ചത്.
200- 250 ഡോളര്‍ മാത്രമാണ് ഇതിനുമുമ്പ് മൂന്നു മാസത്തിനിടെ വര്‍ധിച്ചിട്ടുള്ളത്. സാധാരണയായി 250 ഡോളര്‍ വില വര്‍ധിക്കുമ്പോള്‍ സാങ്കേതികമായി ചില തിരുത്തലുകള്‍ വരുന്നതാണ്. എന്നാല്‍ സ്വർണം ഇപ്പോഴും മുന്നേറ്റം തുടരുകയാണ്. ഇത് 2,300 ഡോളര്‍ മറികടക്കുമോ എന്നുള്ളതാണ് വിപണി ഉറ്റു നോക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തെ വില പരിശോധിച്ചാല്‍ സ്വര്‍ണത്തിന് മുപ്പതിനായിരത്തിലധികം രൂപയുടെ വര്‍ധനവാണ് ഒരു പവനില്‍ അനുഭവപ്പെട്ടത്. 2015 ല്‍ അന്താരാഷ്ട്ര സ്വര്‍ണവില 1,300 ഡോളറിലും, പവന് വില 21,200 രൂപയിലും, ഗ്രാം വില 2,650 രൂപയിലുമായിരുന്നു. ഇന്ന് 2,264 ഡോളറിലും, ഒരു പവന് സ്വര്‍ണവില 50,880 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,360 രൂപയിലും എത്തി.
ഒരു പവന് സ്വര്‍ണാഭരണം ആയി ഇന്ന് വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 55,500 രൂപയ്ക്ക് അടുത്ത് നല്‍കണം.ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ജനങ്ങളുടെ കൈവശം 25,000 ടണ്‍ സ്വര്‍ണത്തില്‍ കൂടുതല്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് ഓള് ഇന്ത്യ ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
സീമ മോഹന്‍ലാല്‍