സ്വന്തം ലേഖകൻ
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎല്‍എയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.
ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ടും വരവ് ചെലവ് കണക്കുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാനുമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഹാജരാക്കിയ രേഖകൾ പരിശോധിച്ചാലേ ഇവയുടെ ആധികാരികത വ്യക്തമാവൂ. ഭൂ രേഖകളുെട സത്യാവസ്ഥ അറിയാൻ രജിസ്ട്രേഷൻ വകുപ്പിന്റെ സഹായവും തേടും.
എക്കൗണ്ട് വിശദാംശങ്ങൾ ബന്ധപ്പെട്ട ബാങ്കുകളിൽ നിന്നും ശേഖരിക്കും. തെരഞ്ഞെടുപ്പ് ചെലവിലേക്ക് വൻതുക നൽകിയവരുടെ പേരുവിവരം ലഭ്യമായതിനാൽ ഇവരിൽ നിന്നും മൊഴിയെടുക്കും.
ഇന്നലെ മൂന്ന് മണിക്കൂറോളമാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ ഓഫിസിൽ ചോദ്യം ചെയ്തത്.
കഴിഞ്ഞ 16ന് ചോദ്യം ചെയ്തപ്പോൾ, പരിശോധനക്കിടെ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ച 47.35 ലക്ഷം രൂപയുടെയും അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെയും രേഖകൾ ഹാജരാക്കാൻ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച രേഖകൾ കൈമാറിയ ഷാജിയോട് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞായിരുന്നു ചോദ്യം ചെയ്യൽ.
കേസ് കോടതിയിലെത്തുേമ്പാൾ മൊഴികൾ നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഉദ്യോഗസ്ഥരുടെ ചോദ്യവും ഷാജിയുടെ മറുപടിയും പൂർണമായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്.