മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ച് വയ്ക്കുന്ന ജനതയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലെ തെക്കൻ സുലവേസിയിലെ ടൊറാജാൻ വംശീയ ഗ്രൂപ്പിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ആചാരം നിലനിൽക്കുന്നത്.
നിർജീവ വസ്തുക്കൾ ജീവനോടെയുണ്ടെന്നാണ് ടൊറാജാൻ വംശജർ കരുതുന്നത്. മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം ആത്മാവുണ്ട്, അതിനാൽ മരണശേഷവും അവർ ബഹുമാനിക്കപ്പെടണം. ടൊറാജാൻ വംശജർ മരണശേഷം അവരുടെ പ്രിയപ്പെട്ടവരെ ഉടനടി സംസ്കരിക്കുന്നില്ല.
മരിച്ചയാളുടെ മൃതദേഹം നിരവധി പാളി തുണികളിൽ പൊതിഞ്ഞ് ഫോർമാൽഡിഹൈഡും വെള്ളവും ഉപയോഗിച്ച് അഴുകാതെ അവരുടെ പരമ്പരാഗത വീടുകളായ ടോങ്കോണന് അടിയിൽ സൂക്ഷിക്കുന്നു. ഇങ്ങനെ വർഷങ്ങളോളം അവർ മൃതദേഹങ്ങള്‍ സംരക്ഷിക്കുന്നു.