അന്പലപ്പുഴ: സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് ദന്പതികളും മകനും മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
പുറക്കാട് പുന്തല ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പ് സുദേവ് (43), ഭാര്യ വിനീത (36), മകന് ആദി എസ്. ദേവ് (12) എന്നിവരാണു മരിച്ചത്. സൈക്കിള്‍ യാത്രികന് പുന്നപ്ര പുതുവല്‍ പ്രകാശന് (50), കാല്നടയാത്രക്കാരന് പുറക്കാട് പുതുവല്‍ മണിയന് (65) എന്നിവര്‍ക്കാണു പരിക്കേറ്റത്. പ്രകാശന്റെ നില ഗുരുതരമാണ്.
ഇന്നലെ പുലര്‍ച്ചെ ആറോടെ ദേശീയപാതയില്‍ പുറക്കാട് എസ്എന്എംഎച്ച്എസ്എസിന് സമീപമായിരുന്നു അപകടം. സുദേവും കുടുംബവും ബൈക്കിൽ അമ്പലപ്പുഴ ക്ഷേത്രദര്‍ശനത്തിനു പോകുകയായിരുന്നു.
പുന്നപ്ര സ്വദേശിയും മത്സ്യവില്പനക്കാരനുമായ പ്രകാശന്റെ സൈക്കിളില്‍ തട്ടി ബൈക്ക് റോഡിലേക്കു വീണപ്പോള്‍ എതിരേ വന്ന ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്.
ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെ സൈക്കിള്‍ സുദേവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിലേക്കു വന്നു.
സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് സൈക്കിളില്‍ തട്ടി നിയന്ത്രണം വിട്ട് എതിരേവന്ന ടോറസ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ബൈക്കില്‍നിന്നു തെറിച്ച് സുദേവ് ലോറിക്കടിയില്‍പ്പെട്ട് തത്ക്ഷണം മരിച്ചു.