മങ്കൊന്പ്: ഗ്രാമീണ റോഡുകളിലൂടെ ടോറസ് ലോറികൾ ചീറിപ്പാഞ്ഞിട്ടും കുലുക്കമില്ലാതെ അധികൃതർ. ഭാരം കൂടിയ ഇത്തരം വാഹനങ്ങളുടെ മരണപ്പാച്ചിൽ നിമിത്തം റോഡുകൾക്കു പുറമെ റോഡുവക്കിലുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്.
മുളയ്ക്കാംതുരുത്തി-കാവാലം റോഡിലാണ് ഇപ്പോൾ അമിതഭാരം കയറ്റിയ ലോറികളുടെ ഗതാഗതം ഏറ്റവുമധികം ബുദ്ധമുട്ടുണ്ടാക്കുന്നത്. പുലർച്ചെയും രാത്രിയുമെല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി നിരവധി വാഹനങ്ങളാണ് ഇപ്പോൾ ഗ്രാമീണറോഡിലൂടെ ചീറിപ്പായുന്നത്. മുളയ്ക്കാംതുരുത്തി വാലടി റോഡ് ഏറെക്കുറെ പൂർണമായും വെള്ളത്തിൽ മണ്ണിട്ടുയർത്തിയതാണ്. ഇക്കാരണത്താൽ റോഡ് താഴുന്ന പ്രവണതയും കൂടുതലാണ്.
കുട്ടനാട്ടിലെ മിക്ക വീടുകളും മഹാപ്രളയത്തെ തുടർന്ന് ദുർബലാവസ്ഥയിലാണ്. ഏതു നിമിഷവും തകർന്നുവീഴാവുന്ന വീടുകൾക്കു ഭാരവാഹനങ്ങളുടെ സഞ്ചാരം ഏൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. വീടുകൾക്കു കേടുപാടുകൾ സംഭവിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച കാവാലം ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിലെ താമസക്കാർ പ്രതിഷേധിച്ചിരുന്നു. നാട്ടുകാർ സംഘടിച്ച് ലോറി തടയുകയും വേഗം കുറച്ച് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ് കൈനടി പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും എത്തി. പിന്നീട് നടന്ന ചർച്ചകളെ തുടർന്ന് ഭാരവാഹനങ്ങൾ പരമാവധി വേഗത കുറച്ചു പോകണമെന്ന് ഗ്രാമപഞ്ചായത്തധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനുശേഷവും ചില ലോറികൾ അമിതവേഗതയിൽ പായുകയാണെന്നും ചോദ്യം ചെയ്ത തങ്ങളെ ജീവനക്കാർ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.
അതിനിടെ ടോറസുകൾ തടഞ്ഞുവെന്ന കുറ്റം ചുമത്തി ഏതാനും പേർക്കെതിരേ കേസെടുത്തതായും ആക്ഷേപമുണ്ട്. പത്തു വർഷത്തിലേറെയായി തകർന്നു കിടന്ന പൊതുമരാമത്തുറോഡ് ഏതാനും മാസങ്ങൾക്കു മുന്പാണ് റീ ടാർ ചെയ്തത്.കെഎസ്ആർടിസി ബസുകളടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.