കിഴക്കന്പലം: ഗ്രാമീണ നിരത്തുകളിൽ അമിത വേഗതയിൽ പായുന്ന ടോറസ് ടിപ്പറുകൾ ജനങ്ങളുടെ പേടിസ്വപ്നമാകുന്നു. യാതൊരു നിയന്ത്രണവുമില്ലാത്തവിധം പാഞ്ഞെത്തുന്ന ടോറസ് ടിപ്പറുകളിൽനിന്നു കാൽനട യാത്രികർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. സ്ത്രീകളും വയോധികരുമാണ് ഏറെ കഷ്ടപ്പെടുന്നത്.
വീതി കുറഞ്ഞ റോഡുകളാണെങ്കിലും ടിപ്പറുകളുടെ വേഗതയ്ക്ക് കുറവില്ല. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് റോഡിൽ ഏറ്റവും മേധാവിത്വമുള്ളത് ടിപ്പറുകൾക്കാണ്. കിഴക്കന്പലം മുതൽ തൃപ്പൂണിത്തറ വരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തിനിടയ്ക്ക് ടോറസ് ടിപ്പർ മൂലം നിരവധി അപകടങ്ങളാണ് സംഭവിച്ചത്.
പെരിങ്ങാല അന്പലപ്പടിയിൽ ദന്പതികൾ ടോറസ് ഇടിച്ചു മരിച്ചിരുന്നു. ഇവർ സഞ്ചരിച്ചുന്ന ടൂ വീലറിന് പിന്നാലെയെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. ടോറസുകൾ ഹോണ്മുഴക്കി എത്തുന്നതോടെ മറ്റു വാഹനങ്ങൾ നിരത്ത് ഒഴിഞ്ഞുകൊടുക്കും. കാൽനട യാത്രക്കാർ ഭയപ്പാടോടെ ഓടി മാറും.
ശീതീകരിച്ച കാബിനുകളിൽ പാട്ടുകേട്ട് ടോറസ് ഓടിക്കുന്ന ഡ്രൈവർമാരിൽ പലരും റോഡിൽ നടക്കുന്ന മറ്റൊരും സംഭവങ്ങളും അറിയാറില്ല. ഈ വാഹനത്തിനു പുറകെ സഞ്ചരിക്കുന്ന ടൂ വീലർ യാത്രികർക്ക് പലപ്പോഴും ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്. ഒരു മുന്നറിയിപ്പുകളും ഇല്ലാതെ ടോറസുകൾ പിന്നിലേക്ക് എടുക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ആലപ്പുഴ തുടങ്ങിയ ഭാഗങ്ങളിൽനിന്നു ക്വാറി ഉത്പന്നങ്ങൾക്കായി ജില്ലയിൽ എത്തുന്നത് നൂറുകണക്കിന് ടോറസുകളാണ്. ഭൂമാഫിയകൾക്കു വേണ്ടിയും നൂറുകണക്കിന് ടിപ്പറുകൾ ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്നു വിവിധ സ്ഥലങ്ങളിലേക്ക് പായുന്നുണ്ട്.
ഡ്രൈവർമാർക്ക് ലോഡ് ഇനത്തിലാണ് കൂലി നൽകുന്നത്. അതിനാൽ കൂടുതൽ ലോഡ് എടുക്കുന്നതിനായാണ് ടോറസുകൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത്. വീതി കുറഞ്ഞ റോഡുകളിലൂടെയുള്ള അനിയന്ത്രിത വേഗതയാണ് പലപ്പോഴും അപകടങ്ങൾ വരുത്തിവയ്ക്കുന്നത്.
വിദ്യാർഥികളും ഇരകൾ
സ്കൂൾ സമയത്തെ നിയന്ത്രണങ്ങളും ടിപ്പറുകൾ പാലിക്കാറില്ല. രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതമുള്ള നിയന്ത്രണമാണ് ടിപ്പർ ലോറികൾ പാലിക്കാത്തത്.
ഈ സമയങ്ങളിൽ സഞ്ചരിക്കുന്ന സ്കൂൾ വാഹനങ്ങളെപ്പോലും കടന്നുപോകാൻ അനുവദിക്കാത്ത തരത്തിലാണ് ടോറസ് ടിപ്പറുകളുടെ വിളയാട്ടം. സ്കൂൾ, കോളജ് പരിസരങ്ങളിൽ രാവിലെയും വൈകിട്ടും പ്രത്യേക സമയങ്ങളിൽ ടിപ്പർ ഗതാഗത നിരോധനം നിലനിൽക്കുന്നുണ്ടങ്കിലും ഇത് നടപ്പാക്കുവാൻ അധികൃതർ വീഴ്ച വരുത്തുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണം.
ഈ സമയങ്ങളിൽ ടിപ്പർ ലോറികൾ നിരത്തിലിറക്കാൻ പാടില്ലെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നിയമം ലംഘിച്ചാണ് ലോഡുമായി കുതിക്കുന്നത്. പോലിസ് പരിശോധന കാര്യക്ഷമമാക്കത്തതും ഇവർക്ക് സഹായകമാണ്.