ആലപ്പുഴ: അവധി ദിവസം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളെ പരിഭ്രാന്തിയിലാഴ്ത്തി ആലപ്പുഴ ബീച്ചിൽ ടൊർണാഡോയുടെ താണ്ഡവം. ആകാശത്തുനിന്നും തൂണിന്റെ ആകൃതിയിൽ ഭൂമിയിലേക്കെത്തിയ ചുഴലിക്കാറ്റ് നിമിഷ നേരം കൊണ്ട് കടലിൽ നിന്നും കരയിലേക്ക് ആഞ്ഞടിച്ചപ്പോൾ ബീച്ചിലെത്തിയിരുന്ന വിനോദസഞ്ചാരികൾ പരിഭ്രാന്തരായി ചിതറിയോടി. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
ആകാശത്ത് മഴ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ബീച്ചിലെത്തിയിരുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും മടങ്ങാനൊരുങ്ങവേയാണ് അമേരിക്കയിൽ വീശുന്ന ടൊർണാഡോ ചുഴലിക്കാറ്റിന്റെ മാതൃകയിൽ ആകാശത്തുനിന്നും തൂണിന്റെ ആകൃതിയിൽ ചുഴലിക്കാറ്റ് രൂപം കൊണ്ടത്.
അസ്വഭാവികമായ ഈ പ്രതിഭാസം ആദ്യം വിനോദസഞ്ചാരികളെ ഒന്ന് അത്ഭുതപ്പെടുത്തിയെങ്കിലും കടപ്പുറത്തെ ചൊരിമണലിനെ ഉയർത്തി കാറ്റ് കിഴക്കോട്ട് ആഞ്ഞടിച്ചതോടെ തീരത്തോട് ചേർന്നുണ്ടായിരുന്ന വിനോദസഞ്ചാരികൾ ചിതറിയോടി. അതിവേഗതയിൽ ആഞ്ഞടിച്ച കാറ്റിൽപ്പെട്ട പലരും നിലത്തുവീണു.
കണ്ണിലും ചെവിയിലുമെല്ലാം മണൽത്തരികൾ കയറിയതോടെ പലർക്കും ശ്വാസതടസവുമുണ്ടായി. ബീച്ചിലെ ഭക്ഷണശാലകളെ സാധനങ്ങളിൽ മണൽ പറന്നുവീണതോടെ ഭക്ഷ്യസാധനങ്ങൾ ഉപയോഗശൂന്യവുമായി. ഏകദേശം 20 മിനിട്ടോളം സമയം തീരത്തെ ചുഴലിക്കാറ്റ് പരിഭ്രാന്തിയിലാഴ്ത്തി.