കുമരകം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ ഒന്നരവർഷത്തിനുശേഷം ഡൽഹിയിൽ പിടിയിലായി. കുമരകം സ്വദേശി അനൂപാണ് അറസ്റ്റിലായത്.
മുംബൈ മലയാളിയായ യുവതി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അറസ്റ്റ്. പോലീസിൽ നൽകിയ പരാതിക്കു പിന്നാലെ നാടുവിട്ട ഇയാൾ ഉത്തരേന്ത്യയിലടക്കം ഒളിവിൽ കഴിയുകയായിരുന്നു.
കാനഡയിലേക്കു കടക്കാനിരിക്കെയാണ് സെൻട്രൽ പൊലീസ് സംഘത്തിന്റെ പിടിവീണത്. പാട്യാല കോടതിയിൽ ഹാജരാക്കിയ അനൂപിനെ ട്രാൻസിറ്റ് വാറണ്ടുമായി കൊച്ചിയിലെത്തിക്കും.
2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാട്രിമോണിയൽ സൈറ്റിലൂടെയാണ് യുവതി അനൂപിനെ പരിചയപ്പെടുന്നത്.
വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. ചാറ്റിംഗിലൂടെ കൂടുതൽ അടുപ്പത്തിലായി. ഇതിനിടയിൽ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു. പരാതിക്കാരിയിൽനിന്ന് എട്ടു ലക്ഷത്തോളം രൂപയും കൈക്കലാക്കിയിരുന്നു.
പിന്നീട് വിവാഹത്തിൽനിന്നു പിൻമാറിയ അനൂപ് സ്ഥലം വിടുകയായിരുന്നു. അനൂപിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നതിനാൽ ആദ്യ ഘട്ടത്തിൽ അന്വേഷണം പ്രതിസന്ധിയിലായിരുന്നു.
തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച പോലീസ് സംഘം ഡൽഹിയിലെത്തി പിടികൂടുകയായിരുന്നു. അടുത്ത ദിവസം അനൂപുമായി അന്വേഷണ സംഘം കൊച്ചിയിലെത്തും.
കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്കു കടക്കുകയെന്ന് പോലീസ് പറഞ്ഞു.