കോഴിക്കോട്: മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയരായ ജീവനക്കാരുടെ സസ്പെൻഷൻ പിന്‍വലിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് പ്രതിക്കൂട്ടില്‍.
കേസില്‍ അതിജീവിത തിരിച്ചറിഞ്ഞ അഞ്ചു ജീവനക്കാരെയാണു തിരികെയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് അതിജീവിത അറിയിച്ചു.
തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച അതിജീവിതയെ മാര്‍ച്ച് 18നാണ് അറ്റന്‍ഡര്‍ എം.എം.ശശീന്ദ്രന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അര്‍ധമയക്കത്തിലായിരുന്ന തന്റെ സ്വകാര്യഭാഗത്ത് പ്രതി സ്പര്‍ശിച്ചുവെന്നായിരുന്നു പരാതി.
പരാതിപ്പെട്ടിട്ടും അതു മൂടിവയ്ക്കുകയും അതിജീവിതയെ പരാതിയില്‍നിന്നു പിന്മാറാന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തത്.
ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കെതിരേ തെളിവില്ലെന്നാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ തെളിവെടുപ്പ് സമയത്ത് താന്‍ പ്രതികളെ തിരിച്ചറിഞ്ഞതാണെന്നും ഇവര്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നും അതിജീവിത പറയുന്നു.
ജീവനക്കാരെ വെള്ള പൂശി റിപ്പോര്‍ട്ട്
അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് അന്വേഷണ സമിതി ഇരയുടെ മൊഴിയെടുത്തില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ചു ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തത്.
എന്നാൽ, ഇവരെ തിരിച്ചെടുക്കാനായി റിപ്പോർട്ട് തയാറാക്കിയപ്പോൾ പോലീസിനോടു പോലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ല. ജീവനക്കാർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിലും നിയമനടപടികൾ തുടരുന്നതിനാലും ഇവർക്കെതിരെയുള്ള സസ്പെൻഷൻ പിൻവലിക്കുന്നതായാണു തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്.
അന്വേഷണക്കമ്മിറ്റി സാഹചര്യം വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ടവരെ നേരിൽക്കണ്ട് രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നുമാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നത്.
എന്നാൽ, അത്തരത്തിലൊരു സമിതി തന്നിൽനിന്ന് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു പരാതിക്കാരി പറഞ്ഞു. അതേസമയം, ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചത് സിപിഎം നേതാവിന്റെ ഇടപെടലിനെത്തുടർന്നാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി വിരമിക്കുന്ന ദിവസം കോളജിലെത്തിയ ജില്ല നേതാവ് അന്വേഷണ സംഘത്തിലെ ഒരു ഡോക്ടർക്കൊപ്പം പ്രിൻസിപ്പലിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചക്കുശേഷമാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയതെന്നാണ് ആരോപണം.