കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്കുമേല്‍ സമ്മര്‍ദം.
കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് സമ്മര്‍ദം ചെലുത്തുന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു.
യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നതായും ആക്ഷേപമുണ്ട്.
ഇപ്പോള്‍ സസ്പെഷനിലുള്ള പ്രതി ഗ്രേഡ് 1 അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശി എം.എം. ശശീന്ദ്രനുമായി അടുപ്പമുള്ളവരാണ് ‘ഒത്തുതീര്‍പ്പ്’ ചര്‍ച്ചകളുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് പരാതി.
സംഭവത്തില്‍ അന്വേഷണവുമായി പോലീസ് മുന്നോട്ടുപോകുകയാണ്. ആശുപത്രിയിലെ 16 നഴ്സുമാരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. അതിജീവിതയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.
സ്ത്രീയുടെ വസ്ത്രങ്ങള്‍ സ്ഥലം മാറിക്കിടക്കുന്നത് കണ്ടപ്പോള്‍ എന്താണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പോലീസിനോട് വ്യക്തമാക്കി.
എന്നാല്‍, രോഗിക്ക് യൂറിന്‍ ബാഗ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്ന് അറ്റന്‍ഡര്‍ പറഞ്ഞുവെന്നും നഴ്സ് പറഞ്ഞു. നേരത്തെ ആശുപത്രിയിലെ ഒരു നഴ്സിനോട് ഇദ്ദേഹം മോശമായി പെരുമാറിയെന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം സര്‍ജിക്കല്‍ ഐസിയുവില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ലൈംഗികാതിക്രമമുണ്ടായത്.
മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയില്‍ കാക്കി വസ്ത്രം ധരിച്ച ആള് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ മനഃപൂര്‍വം സ്പര്‍ശിച്ചുവെന്നാണ് യുവതി നല്കിയ പരാതി. ബോധം തിരിച്ചുകിട്ടിയശേഷം നഴ്സിനോടാണ് സ്ത്രീ പരാതി പറഞ്ഞത്.