പൂട്ടിക്കിടക്കുന്ന ഒരു കണ്ടെയ്നർ. കൊടുംകുറ്റവാളികളെത്തേടി ഡച്ച് നഗരമായ ബെർജനിലെ ഒരു കെട്ടിടത്തിൽ എത്തിയ പോലീസ് കണ്ടകാഴ്ച ഇതായിരുന്നു. ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസിയും യൂറോപ്പിലെ മറ്റുചില രാജ്യങ്ങളിലെ രഹസ്യപോലീസ് സേനകളും ചേർന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനായിരുന്നു അത്.
“എൻക്രോചാറ്റ്’ എന്ന എൻക്രിപ്റ്റഡ് നെറ്റ്വർക്ക് ഹാക്ക് ചെയ്താണ് ഇവരുടെ വിവരങ്ങൾ പോലീസ് ചോർത്തിയത്. ഗുണ്ടാ സംഘം കുറ്റകൃത്യങ്ങൾ പ്ലാൻ ചെയ്യാനും, നടപ്പിലാക്കാനും ഉപയോഗിച്ചിരുന്ന നെറ്റ്വർക്കാണ്”എൻക്രോചാറ്റ്.’ ഈ നെറ്റ്വർക് പ്രധാനമായും പ്രയോജനപ്പെടുത്തിയിരുന്നത് മയക്കുമരുന്ന്-ആയുധ വില്പനക്കാരും കടത്തുകാരുമായിരുന്നു.
വൻ ബിസിനസുകളും സുരക്ഷിത്വത്തെക്കരുതി ഈ നെറ്റ്വർക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ പോലീസ് ഈ നെറ്റ്വർക്ക് ഹാക്ക് ചെയ്യുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കൃത്യമായ പദ്ധതികളോടെയായിരുന്നു പോലീസ് സംഘത്തിന്റെ റെയ്ഡ് എത്ര ശ്രമിച്ചിട്ടും ആ കണ്ടെയ്നറിന്റെ വാതിൽ തുറക്കാൻ പോലീസിനായില്ല.
ഒടുവിൽ പോലീസ് ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിൽ മുറിച്ചു. വാതിൽ മാറ്റിയ ഉദ്യോഗസ്ഥർ ഞെട്ടി. ശബ്ദം പുറത്തുവരാത്ത തരത്തിൽ രൂപമാറ്റം വരുത്തിയ കണ്ടെയ്നറായിരുന്നു അത്. മോചനദ്രവ്യവും മറ്റും ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുവരുന്ന ഇരകളെ ക്രൂരമായി മർദിക്കുന്നതിനായാണ് കണ്ടെയ്നർ ഉപയോഗിച്ചിരുന്നത്.
അതിനുള്ളിൽ ദന്താശുപത്രിയിൽ കാണാറുള്ള കസേരക്ക് സമാനമായ ഒരു കസേര. അതിൽ കൈകളും കാലുകളും ബന്ധിക്കാൻ വിലങ്ങുകൾ. തീർന്നില്ല, തറയിലും ചുവരിലും സീലിംഗിലും വേറെയും കൈവിലങ്ങുകൾ.
വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബയോടോയ്ലറ്റും ഇവിടെ സജീകരിച്ചിരുന്നു. പോലീസ് റെയ്ഡിൽ രണ്ടു ടണ്ണിൽ അധികം മയക്കുമരുന്നുകളും, നൂറിലധികം തോക്കുകളും വെടിത്തിരകളും, കണക്കിൽ പെടാത്ത 54 മില്യണ് പൗണ്ട് പണവും കണ്ടെടുത്തു. വലിയ തലവേദനയായിരുന്ന ഗുണ്ടാ സംഘത്തെയാണ് പോലീസ് പിടികൂടിയത്.
യൂറോപ്പിലെ പല രാജ്യങ്ങളിലായി ഈ ഓപ്പറേഷന്റെ ഭാഗമായി നടത്തപ്പെട്ട ഒരേസമയം നടത്തിയ റെയ്ഡുകളിൽ അറസ്റ്റു ചെയ്യപ്പെട്ടത് 800 -ലധികം കൊടും ക്രിമിനലുകളാണ്. വാടകക്കൊലയാളികൾ, മയക്കുമരുന്ന് കള്ളക്കടത്തുകാർ, സെക്സ് മാഫിയ, അനധികൃത ചൂതാട്ടക്കാർ എന്നിങ്ങനെ പല തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു കഴിയുന്നവരുണ്ട്.
യുകെയുടെ പോലീസ് ആയ എൻസിഎ ഈ ഓപ്പറേഷന്റെ പ്രധാന ഭാഗമായിരുന്നു “എൻക്രോചാറ്റ്’ ഒരു നെറ്റ്വർക്ക് കണ്ടെത്തിയതും റെയ്ഡ് നടത്തിയതും ഫ്രഞ്ച്- ഡച്ച് രഹസ്യപോലീസ് സേനയുടെ സൈബർ സ്പെഷ്യലിസ്റ്റുകളായിരുന്നു.