പോക്സോ കേസില് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വൃദ്ധന് മറ്റൊരു ബലാത്സംഗ കേസില് അഞ്ച് ജീവപര്യന്ത്യവും 5.25 രൂപ പിഴയും ശിക്ഷ.
കുന്നംകുളം ചെമ്മന്തട്ട പുതുശേരി പാമ്പുങ്ങല് വീട്ടില് അജിതനെ (60)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.
പോക്സോ കേസുകളുടെ ചരിത്രത്തില് ആദ്യമായാണ് പ്രായപൂര്ത്തിയായ പെണ്കുട്ടിയെ ബലാത്സംഗംചെയ്ത കേസില് ജയില് ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പ്രായപൂര്ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്കുട്ടിയെ നിരവധിതവണ ക്രൂരമായി ബലാത്സംഗം ചെയ്ത പോക്സോ കേസില് അഞ്ച് ജീവപര്യന്തത്തിനു ശിക്ഷിക്കുന്നത്.
2017 കാലഘട്ടത്തില് പ്രതി മാനസിക ക്ഷമത കുറവുള്ള 15കാരിയെ താമസിക്കുന്ന വീടിന്റെ പുറകിലുള്ള കുളിമുറിയില് ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ അതിജീവിതയുടെ അമ്മയ്ക്കും സഹോദരിക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലര്ത്തി മയക്കി അതിജീവിതയെ അതിക്രൂരമായ രീതിയില് പലതവണ ബലാത്സംഗം ചെയ്ത കേസിലുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി അത്യപൂര്വ വിധി പ്രഖ്യാപിച്ചത്.
ഈ കേസിലെ പീഡനത്തിന് ഇരയായ പെണ്കുട്ടിയുടെ അമ്മാമ്മ മരിച്ചതിനോടനുബന്ധിച്ചുള്ള ചടങ്ങില്വച്ചാണ് പീഡനവിവരം മറ്റ് ബന്ധുക്കള് അറിയുന്നത്.
കുന്നംകുളം പോലീസില് വിവരം അറിയിച്ചതിനെ തുടര്ന്ന് കുന്നംകുളം സബ് ഇന്സ്പെക്ടറായിരുന്ന യു.കെ. ഷാജഹാന്റെ നിര്ദേശപ്രകാരം വനിത സിവില് പോലീസ് ഓഫീസര് ഉഷ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തി. കുന്നംകുളം ഇന്സ്പെക്ടറായിരുന്ന ജി. ഗോപകുമാറാണ് കുറ്റപത്രം സമര്പ്പിച്ചത്.
ഈ കേസില് 23 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും തൊണ്ടി മുതലകളും ഹാജരാക്കി ശാസ്ത്രീയ തെളിവുകള് നിരത്തുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് (പോക്സോ ) അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഭിഭാഷകരായ അമൃതയും സഫ്നയും ഹാജരായി.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനുവേണ്ടി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ. സുജിത്ത് കാട്ടിക്കുളവും ഹാജരായി.