കരുനാഗപ്പള്ളി : തഴത്തോടുകളിലും കുളങ്ങളിലു മറ്റും ആമകൾ കൂട്ടത്തോടെ ചത്തടിയുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായാണ് ഇത് കാണപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
തോടുകളിൽ ശുചീകരണം നടത്തിയ തൊഴിലാളികളും പ്രദേശവാസികളുമാണ് ആമകൾ ചത്തുകിടക്കുന്നതായി ആദ്യം കാണുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് തഴത്തോടുകളിൽ വ്യാപകമായി ആമകൾ ചാകുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ഏറ്റവും കൂടുതൽ ആയുസുള്ള ജീവിയായ ആമ കൂട്ടത്തോടെ ചത്തടിയുന്നത് പ്രദേശവാസികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ആമകളുടെ പുറംതോടുകൾ ഇളകി ചത്തുകിടക്കുന്ന നിലയിലാണ് പലയിടത്തും കാണുന്നത്.
നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പ്രശ്നം ശാസ്ത്ര ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൂടുതൽ അളവിൽ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നതാകാം ആമകൾ ചത്തടിയുന്നതിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാൽ രാസവസ്തുക്കൾ മൂലമാണെങ്കിൽ തോട്ടിലെ മത്സ്യങ്ങളുൾപ്പടെയുള്ള മറ്റു ജീവജാലങ്ങളെയും ബാധിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.
എന്നാൽ ഒരിടത്തും മത്സ്യങ്ങൾ കൂട്ടത്തോടെ ചാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആമകളെ മാത്രം ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വൈറസ് രോഗങ്ങളാണോയെന്നും സംശയമുണ്ട്.
വെള്ളത്തിന്റെ പിഎച്ച് മൂല്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ശാസ്ത്രജ്ഞർ അറിയിച്ചതായി നഗരസഭാ ചെയർമാൻ പറഞ്ഞു.