കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിയെ പൂർണമായും മയക്കാതെ തലച്ചോറിലെ ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്തു. കേരളത്തിലെ ചുരുക്കം ആശുപത്രികളിൽ മാത്രം ചെയ്യുന്ന ഈ ശസ്ത്രക്രിയ ജനറലാശുപത്രിയിൽ ഇതാദ്യമായാണു നടക്കുന്നത്.
ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. ഡാൽവിൻ തോമസ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വി.ആർ. ബിന്ദു മോൾ, ഡോ. സമീർ സിയാദ്ദീൻ, നഴ്സുമാരായ അംബുജം, ശ്യാമള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഫോർട്ടുകൊച്ചി സ്വദേശി ജംഹെറിന്റെ തലച്ചോറിൽ കൈകാലുകളുടെ ചലനശേഷിയെ നിയന്ത്രിക്കുന്ന ഭാഗത്തെ ട്യൂമറാണു നീക്കിയത്.
മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ ലോക്കൽ അനസ്തേഷ്യയും നിയന്ത്രിത സെഡേഷനും നൽകിയാണു നിർവഹിച്ചത്. ശസ്ത്രക്രിയയിലുടനീളം രോഗി ഉണർന്നിരിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും നിർദേശാനുസരണം കൈകാലുകൾ ചലിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരുന്ന രോഗി നടന്നു തുടങ്ങിയിട്ടുണ്ട്.
സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളജിലാണ് ഇതിനു മുന്പ് ഇത്തരമൊരു ശസ്ത്രക്രിയ നടന്നത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവു വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ചികിത്സാസഹായ പദ്ധതിയിലൂടെ പൂർണമായും സൗജന്യമായാണു നിർവഹിച്ചത്.