പെരിയാറിനു പൊട്ട് കുത്തിയതുപോലെ മനോഹരമായ ഹരിതദ്വീപ്. ആലുവയ്ക്കടുത്തു പെരിയാറിനു നടുവിലുള്ള പരുന്തുറാഞ്ചിതുരുത്ത് ആരുടെയും മനംകുളിര്‍പ്പിക്കും. ഈ പച്ചത്തുരുത്തിന്റെ അനന്തമായ ടൂറിസം സാധ്യതകളെപ്പറ്റി ആലോചിക്കാത്തവരും പറയാത്തവരും ചുരുക്കം. പദ്ധതികളും പ്രഖ്യാപനങ്ങളും ലോഭമില്ലാതെയുണ്ടായി. പക്ഷെ, അതൊന്നും പുഴകടന്നു തുരുത്തിലെത്തിയില്ല.
നാല്പത് ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന ദ്വീപ് മണല്‍വാരലിനെ തുടര്‍ന്ന് ഇപ്പോള്‍ ഇരുപത് ഏക്കറോളമായി ചുരുങ്ങിയിരിക്കുന്നു. രാമച്ചം, മഞ്ഞമുള തുടങ്ങിയ അപൂര്‍വസസ്യജാലങ്ങളുടെ കലവറയായ തുരുത്തില് കാലികള്‍ മേയുന്നു. സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടകേന്ദ്രം കൂടിയാണു നിലവില്‍ തുരുത്ത്.
മെട്രോ നഗരമായ കൊച്ചിയുടെ ഉപനഗരമായി ആലുവ മാറിക്കൊണ്ടിരിക്കുമ്പോള്‍ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ പെരിയാറിന് തീരത്തൊരു വിനോദ-വിശ്രമകേന്ദ്രം എന്ന ആശയത്തിന് ഏറെപ്രാധാന്യമുണ്ട്. ഉദ്യാനമാക്കി തുരുത്തിനെ സംരക്ഷിച്ചാല്‍ അതു കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ പ്രധാന അടയാളമായി മാറും. ഇതിനു മുന്‍കൈ എടുക്കേണ്ടതു ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലാണ്. എടുപ്പിക്കേണ്ടതു ജനപ്രതിനിധികളും. തുരുത്തില് സഞ്ചാരികള്‍ വന്നുനിറയും കാലം ഇനിയും വിദൂരമാകരുത്.