തളിപ്പറമ്പ്: വിനോദയാത്രക്ക് പോകാന്‍ പണം സ്വരൂപിക്കാന്‍ ക്ലബ് പ്രവര്‍ത്തകര്‍ നടത്തുന്ന പച്ചക്കറികൃഷി നാലാം വര്‍ഷവും തുടരുന്നു. നരിക്കോട് യുവചേതന ജനകീയ കൂട്ടായ്മയോടെ നടത്തി വരുന്ന ജൈവ പച്ചക്കറി കൃഷിയില്‍ ഇത്തവണയും മികച്ച വിളവ് ലഭിച്ചു. രണ്ടേക്കര്‍ സ്ഥലത്താണ് കൃഷി നടത്തിയത്.
വര്‍ഷം തോറും വിനോദയാത്രക്ക് പോകുക എന്ന ലക്ഷ്യത്തോടെയാണ് തരിശായി കിടന്ന സ്ഥലം ഉപയോഗിച്ച് ഒരു സംഘം യുവാക്കള്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവ വില്പന നടത്തി കിട്ടുന്ന തുക ഉപയോഗിച്ചാണ് വിനോദയാത്ര.
ഇക്കുറി പ്രതികൂല കാലാവസ്ഥയോട് പൊരുതി വിളയിച്ചെടുത്തത് 1500 കിലോഗ്രാം വെള്ളരിയും ഒരു ക്വിന്റല്‍ കക്കിരിയുമാണ്.
വെണ്ട, ചീര, കുമ്പളം തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. അംഗങ്ങള്‍ എടുത്ത് ബാക്കിയുള്ളവ നാട്ടുകാര്‍ക്കിടയില്‍ തന്നെ വില്പനടത്തി. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ലാഭവിഹിതം ഉപയോഗിച്ച് കൂട്ടായ്മയിലെ അംഗങ്ങളുമായി വിനോദയാത്ര പോകാനുള്ള തയാറെടുപ്പിലാണ് ക്ലബ് പ്രവര്‍ത്തകര്‍.
ഈ വര്‍ഷത്തെ വിളവെടുപ്പ് ഉദ്ഘാടനം ഏഴോം കൃഷിഭവന് കൃഷി ഓഫീസര്‍ കെ.സതീഷ് കുമാര്‍ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിമല, അസിസ്റ്റൻഡ് കൃഷി ഓഫീസര്‍ എം.വി രാമകൃഷ്ണന്, യുവചേതന പ്രസിഡന്റ് എന്‍.ശ്രീജിത്ത്, സെക്രട്ടറി ഗിരീഷ് പള്ളിക്കര, എം.സുധാകരന് തുടങ്ങിയവര്‍ സംസാരിച്ചു.