കുമരകം: ന്യൂയോർക്കിൽനിന്നുള്ള ദന്പതികളുടെ ഹണിമൂണ്‍ ട്രിപ്പ് ഏഴു ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങളിലൂടെ 10 വർഷങ്ങൾ പിന്നിട്ടിട്ടും തുടരുന്നു.
മൈക്ക് ഹവാർഡ് – ആനി ദന്പതികൾ ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തിയത്.ഐഎൻഎസ് ദ്രോണാചാര്യക്കു സമീപത്തെ റെഡ് റസിഡൻസി ഹോമിൽ അഞ്ചു ദിനം താമസിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
കൊച്ചിയിലെ ജലാശയങ്ങളിൽ മത്സ്യബന്ധനത്തിനായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ ദന്പതികൾക്ക് കൗതുകക്കാഴ്ചയായി.
തിങ്കളാഴ്ച കുമരകത്തെത്തിയ ഇവർക്ക് ഹൗസ്ബോട്ട് യാത്രയും ചെറുവള്ളങ്ങളിൽ തുഴഞ്ഞു കനാലുകളിൽകൂടി സഞ്ചരിച്ചതുമാണ് ഏറെ ഇഷ്ടപ്പെട്ടത്.
ഹൗസ്ബോട്ടിൽ ആലപ്പുഴയിലെത്തി മടങ്ങുന്പോൾ കായലോരങ്ങളിൽ പതിക്കുന്ന തോടുകളെക്കുറിച്ച് ആനി ചോദിച്ചറിഞ്ഞു.
ഹണിമൂണ്‍ ആഘോഷമാക്കിയതിന്റെ സാന്പത്തിക സ്രോതസിനെക്കുറിച്ചുള്ള ചോദ്യത്തിന് യൂട്യൂബിലൂടെ യാത്രാനുഭവങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവച്ചും യാത്രയ്ക്കിടെ നാഷണൽ ജിയോഗ്രഫിക് ചാനലുമായി സഹകരിച്ച് രചിച്ച രണ്ടു യാത്രാ വിവരണ പുസ്തകങ്ങൾ പ്രകാശനത്തിനു നൽകിയും വരുമാനം കണ്ടെത്തിയെന്നാണ് ഇവരുടെ മറുപടി.
ചെലവു കുറഞ്ഞ പൊതുഗതാഗത മാർഗങ്ങളും ഹോം സ്റ്റേകളും കണ്ടെത്തിയാണ് ഹണിമൂണ്‍ പ്രോഗ്രാമുമായി മുന്നോട്ടു പോകുന്നതെന്നും ഇരുവരും പറയുന്നു.
കുമരകത്തെ അതിപുരാതന തറവാടായ കൊടിയന്തറ ഹെറിറ്റേജ് ഹോമിലാണ് ദന്പതികൾ രണ്ടു ദിവസം തങ്ങിയത്.
176 വർഷം പഴക്കമുള്ള വീട്ടിൽ ഇപ്പോൾ അഞ്ചാം തലമുറക്കാരായ ക്രിസ്പിനും സോണിയുമാണ് കാരണവന്മാർ.
ഭാരതീയർ സ്നേഹസന്പന്നരാണെന്നും കേരളം പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമാണെന്നും ഇരുവരും പറഞ്ഞു. ഇന്നലെ ഉച്ചയോടെ കോട്ടയത്തുനിന്നും മൂന്നാറിലേക്ക് ബസിൽ ദന്പതികൾ യാത്രയായി.
മൂന്നാറിൽനിന്നു ഗോവ വഴി മുംബൈയിലെത്തുകയും ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുക്കുകയും ചെയ്ത് 16 ന് ക്രൊയേഷ്യയിലേക്കു പോകും.
ഹണിമൂണ്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ടില്ലെന്നും ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.