ആലുവ: വിനോദയാത്രയ്ക്ക് മൂന്ന് ബസുകളിലായി കൊണ്ടുപോയ 135 പ്ലസ് ടു വിദ്യാർഥികൾക്ക് താമസ സൗകര്യം കൊടുക്കാതിരുന്നതിനെതിരേ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു.
അങ്കമാലി ടൂർ ഓപ്പറേറ്റർ സ്ഥാപനത്തിനെതിരേയാണ് പരാതി നൽകുന്നതെന്ന് പിടിഎ ഭാരവാഹികൾ അറിയിച്ചു. എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെയാണ് പാക്കേജ് ടൂർ എന്ന് പറഞ്ഞ് കഴിഞ്ഞ വെളളിയാഴ്ച കൊണ്ടുപോയത്.
എന്നാൽ താമസ സൗകര്യം നൽകാതെ വിദ്യാർത്ഥികളേയും അധ്യാപകരേയും ദുരിതത്തിലാക്കിയതായാണ് പരാതി.2800 രൂപ വീതമാണ് കുട്ടികളിൽ നിന്ന് ടൂർ സ്ഥാപനം വാങ്ങിയത്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആലുവ ആർടിഒയോടും സ്കൂൾ പ്രിൻസിപ്പലിനോടുമാണ് മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.