ഋഷി
അവധിക്കാലമെത്തി. പാഠപുസ്തകങ്ങളും സ്കൂൾ ബാഗും മാറ്റിവച്ച് ഇനി ട്രാവൽബാഗെടുത്തോളൂ. കൊച്ചു കൊച്ചു യാത്രകളിലൂടെ ഈ അവധിക്കാലം ആഘോഷമാക്കിയാലോ..തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ വേനലവധിക്കാലം അടിച്ചുപൊളിയാക്കാനും എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുമായി ഒരുക്കിയിരിക്കുന്ന ടൂർ പാക്കേജുകൾ തൃശൂരിന്റെ വിനോദ സഞ്ചാര വികസനത്തിന് കൂടി സഹായകമാകുന്നതാണ്. ചെറുതും വലുതുമായ നിരവധി യാത്രകളാണ് ഈ അവധിക്കാലത്തേക്കായി കാത്തുവച്ചിരിക്കുന്നത്….
ഇക്കോ ട്രിപ്പ്
ചിമ്മിനി, പീച്ചി, പൂമല, വാഴാനി എന്നീ ഡാമുകളും ഒല്ലൂരിൽ വിശുദ്ധ എവുപ്രാസ്യമ്മയുടെ കബറിടവും തൃക്കൂർ ഗുഹാക്ഷേത്രവും സന്ദർശിക്കുന്ന ഇക്കോട്രിപ്പ് രാവിലെ എട്ടിനാരംഭിക്കും. ഉച്ചഭക്ഷണവും രണ്ട ു നേരത്തെ ലഘുഭക്ഷണവുമടക്കം ഒരാൾക്ക് 600 രൂപയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ ഈടാക്കുന്നത്.
വൈൽഡ് ലൈഫ് സഫാരി
രാവിലെ ആറിനാരംഭിച്ച് ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്ന പറന്പിക്കുളം വൈൽഡ് ലൈഫ് സഫാരി കാട്ടിലേക്കാണ്. പറന്പിക്കുളം കാട്ടിൽ ഒരു മണിക്കൂർ നീളുന്ന ട്രക്കിംഗ്, മുളചച്ചെങ്ങാടയാത്ര, കാട്ടിലെ കാഴ്ചകാണൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുളളത്. മൂന്നുനേരത്തെ ഭക്ഷണം, രണ്ട ു നേരത്തെ ലഘുഭക്ഷണം എന്നിവയടക്കം 1750 രൂപയാണ് ഒരാൾക്ക് ചാർജ്.
മുസരിസ് ഹെറിറ്റേജ് ടൂർ
ചരിത്രത്തിന്റെ മണ്ണിലേക്കുള്ള യാത്രയാണ് മുസരിസ് ഹെറിറ്റേജ് ടൂർ. ഏകദിന ട്രിപ്പാണിത്. മുസരിസ് പൈതൃകപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കോട്ടപ്പുറം ഫോർട്ട്, ചേന്ദമംഗലം സിനഗോഗ്, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, കോട്ടയിൽ കോവിലകം, ചേരമാൻ ജുമാമസ്ജിദ് എന്നിവയാണ് ഹെറിറ്റേജ് ടൂറിലെ പ്രധാന ആകർഷണങ്ങൾ. ഉച്ചഭക്ഷണവും ലഘുഭക്ഷണവുമടക്കം ഒരാൾക്ക് 875 രൂപ.
ബാക്ക് വാട്ടർ സഫാരി
വെള്ളത്തോട് ഇഷ്ടമുള്ളവർക്ക് ബോട്ട് യാത്രയും കടലിന്റെ സൗന്ദര്യവും ആസ്വദിക്കാനാണ് വണ്ഡേ ട്രിപ്പായി ബാക്ക് വാട്ടർ സഫാരി ഒരുക്കുന്നത്. വിലങ്ങൻകുന്ന്, പുന്നത്തൂർ ആനക്കോട്ട എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഏനമാവിൽ നിന്നും ചേറ്റുവ വരെ ഹൗസ് ബോട്ട് യാത്രയും അതിനു ശേഷം തളിക്കുളം സ്നേഹതീരം ബീച്ച് സന്ദർശനവുമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉച്ചഭക്ഷണവും ലഘുഭക്ഷണങ്ങളുമടക്കം ഒരാൾക്ക് 875 രൂപയാണ് നിരക്ക്.
ധ്യാനലിംഗ
ആധ്യാത്മികതയും ഭക്തിയും ഇഷ്ടപ്പെടുന്നവർക്കായി ഒരുക്കിയിട്ടുള്ള ഏകദിന യാത്രയാണ് ധ്യാനലിംഗ പാക്കേജ്. കേരളത്തിന് പുറത്തേക്കുള്ള യാത്രയാണിത്. കോയന്പത്തൂരിനടുത്തുള്ള വെള്ളങ്കിരി മലകളുടെ താഴ് വാരത്തെ പ്രശസ്തമായ ലിംഗഭൈരവി ആരാധനാലയവും ധ്യാനലിംഗ മെഡിറ്റേഷൻ സെന്ററുമാണ് ഈ യാത്രയിൽ സന്ദർശിക്കാനാവുക. ഉച്ചഭക്ഷണവും ലഘു ഭക്ഷണങ്ങളുമടക്കം ഒരാൾക്ക് 1650 രൂപയാണ് ചാർജ് ഈടാക്കുന്നത്.
പഴനി
പ്രസിദ്ധമായ പഴനി ക്ഷേത്രത്തിലെ തങ്കത്തേര് കാണുന്നതിനും ക്ഷേത്രദർശനം നടത്തുന്നതിനുമാണ് ഈ യാത്ര. ഭക്ഷണം, പ്രസാദം എന്നിവയടക്കം 850 രൂപയാണ് ഒരാൾക്ക് ചെലവ്.
വയനാട് സഫാരി
വണ്ഡേ ട്രിപ്പുകൾ രസമില്ലെന്നും രണ്ട ു ദിവസമെങ്കിലും വേണമെന്നും ആഗ്രഹിക്കുന്നവർക്കായി രണ്ട ു ദിവസത്തെ വയനാട് സഫാരി യാത്രയും ഒരുക്കിയിട്ടുണ്ട ്. വിനോദ സഞ്ചാരകളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ വയനാട് സഫാരിയിൽ താമരശേരി ചുരം, പൂക്കോട് തടാകം, ഇടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് കാണാനും ആസ്വദിക്കാനുമുള്ളത്. താമസവും ഭക്ഷണവുമടക്കം ഒരാൾക്ക് 2990 രൂപയാണ് ചാർജ്.
തെൻമല ഇക്കോ സഫാരി
തെക്കൻ കേരളത്തിൽ വളരെയധികം വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന തെൻമലയിലേക്ക് രണ്ട ു ദിവസത്തെ യാത്രയാണുള്ളത്. ഏഷ്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് കൂടിയാണ് തെൻമല. ട്രക്കിംഗ്, കുട്ടികളുടെ പാർക്ക്, സാഹസിക പാർക്ക്, മ്യൂസിക്കൽ ഫൗണ്ട ൻ, പാലരുവി വെള്ളച്ചാട്ടം, മാൻ പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. താമസം, ഭക്ഷണം എന്നിവയടക്കം 3390 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്.
രാമേശ്വരം..പിന്നെ ധനുഷ്കോടി
യാത്ര രാമേശ്വരത്തേക്കായാലോ…പിന്നെയവിടെ നിന്നും ധനുഷ്കോടിയിലേക്കും…പ്രസിദ്ധമായ രാമേശ്വരം ക്ഷേത്ര ദർശനവും ധനുഷ്കോടിയിലെ ബീച്ച് സഫാരിയും മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾകലാമിന്റെ മ്യൂസിയവും സന്ദർശിച്ച് പിറ്റേന്ന് മധുര ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന രീതിയിലാണ് പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്. താമസം, ഭക്ഷണം എന്നിവയുൾപ്പെടെ 3400 രൂപയാണ് ചാർജ്.
മൂകാംബിക-മുരുഡേശ്വർ-ഉഡുപ്പി
കർണാടകയിലെ പ്രസിദ്ധമായ മൂന്നു ക്ഷേത്രങ്ങളിലേക്കുള്ള യാത്രയും ഡിടിപിസി ഒരുക്കിയിട്ടുണ്ട ്. കൊല്ലൂർ മൂകാംബിക ക്ഷേത്രം, മുരുഡേശ്വർ, ഉഡുപ്പി എന്നീ ക്ഷേത്രനഗരികളിലേക്കാണ് രണ്ട ു ദിവസം നീളുന്ന പാക്കേജ്, എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ നീണ്ട യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. മൂകാംബികയിൽ ദേവിയുടെ മൂന്നു വ്യത്യസ്ത ദർശനങ്ങളും നടത്തി മുരുഡേശ്വർ ക്ഷേത്രത്തിലെത്തുന്നു പ്രത്യേക ദർശനങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. അതിനുശേഷം പ്രസിദ്ധമായ ഉഡുപ്പി ക്ഷേത്രത്തിലെത്തുന്നു. ദർശനത്തിനു ശേഷം മടക്കയാത്ര. ഭക്ഷണം, താമസം, പ്രത്യേക പൂജ, മുഴുവൻ സമയ ഗൈഡ്, എസി വാഹനം എന്നിവയുൾപ്പെടെ ഒരാൾക്ക് 3875 രൂപയാണ് നിരക്ക്.
മൂന്നാർ ഹിൽ സഫാരി
രണ്ടു ദിവസത്തെ യാത്രയാണ് പ്രകൃതി രമണീയമായ മൂന്നാറിലേക്കായി ഒരുക്കിയിരിക്കുന്നത്. താമസം, ഭക്ഷണം, യാത്രാപ്രവേശന ഫീസുകൾ, ബോട്ടിംഗ് എന്നിവയുൾപ്പടെ 2500 രൂപയാണ് ഒരാൾക്ക് ചാർജ്. ഇക്കോ പോയന്റ്, കുണ്ട ള ഡാം, മാട്ടുപ്പെട്ടി ഡാം, ടോപ് സ്റ്റേഷൻ, ലോക്ക് ഹാർട്ട് പ്ലാന്റേഷൻ, ആനയിറങ്കൽ ഡാം എന്നിവയാണ് യാത്രയിലെ മുഖ്യ ആകർഷണങ്ങൾ.
സ്ത്രീകളും കുട്ടികളുമടക്കമുളള കുടുംബങ്ങൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും അവധിക്കാലം ആഘോഷമാക്കാൻ ഈ യാത്രകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ഈ യാത്രകൾക്കായി നിരവധി പേരാണ് ഓരോ വർഷവും എത്താറുള്ളത്. തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളും തൃശൂരിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ തൃശൂരിന്റെ വിനോദസഞ്ചാര മേഖലയെ സജീവമാക്കുകയാണ് ഈ യാത്രകൾ.
ജില്ലയുടെ ടൂറിസം വികസനത്തിന് കൂടി ഉതകുന്ന രീതിയിൽ കൂടുതൽ വിനോദ സഞ്ചാരികളെ തൃശൂരിലേക്ക് ആകർഷിക്കാനാണ് ഈ യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് തൃശൂർ ഡിടിപിസിയുടെ ടൂർസ് ആൻഡ് പ്രോഗ്രാംസ് ജനറൽ മാനേജർ രവിചന്ദ്രൻ പറഞ്ഞു. യാത്രകളെക്കുറിച്ചും മറ്റു വിശദവിവരങ്ങൾക്കും ബുക്കിംഗിനും 0487-2320800 എന്ന നന്പറിൽ ബന്ധപ്പെടണം.
കാടിന്റെ ഭംഗി കണ്ട്, കാനനചോലകളുടെ കളകളാരവം കേട്ട്, അതിരു കാക്കും മലയൊന്ന് തുടുക്കുന്നത് കണ്ട്, ചരിത്രമുറങ്ങുന്ന മണ്ണിൽ കാലുറപ്പിച്ചുനിന്ന്, ആധ്യാത്മികതയുടെ നിലാവെളിച്ചത്തിൽ ലയിച്ച്, അണക്കെട്ടുകളുടെ ഭംഗി ആസ്വദിച്ച്, ഭക്തിയുടെ ആനന്ദലഹരിയിൽ സ്വയമലിഞ്ഞ്, കാടിന്റെ വന്യതയറിഞ്ഞ്, കടൽക്കാറ്റേറ്റ്…വയനാടൻ കാറ്റേറ്റ്…മഴവിൽകാവടികളാടുന്ന പഴനി കണ്ട്.. പ്രകൃതി ദുരന്തത്തിന്റെ അവശേഷിപ്പുകളായ ധനുഷ്കോടിയുടെ നൊന്പരങ്ങൾ കണ്ട ്…ഈ അവധിക്കാലം എന്നെന്നും ഓർക്കാവുന്ന ഒന്നാക്കാം. അപ്പോൾ കാമറയടക്കം എല്ലാം എടുത്തുവച്ച് ട്രാവൽബാഗെടുത്ത് ഇറങ്ങിക്കോളൂ…യാത്രകൾ ആരംഭിക്കുകയാണ്…ഹാപ്പി ജേർണി….