ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് തന്നെ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നവരാണ് ടൂറിസ്റ്റ് വാഹനങ്ങള്‍.
ഒന്നാംതരംഗവും അതിനു പിന്നാലെയെത്തിയ രണ്ടാംതരംഗവും അതിജീവിക്കാന്‍ പോലും കോണ്‍ട്രാക്ട് കാരേജ് വാഹന ഉടമകള്‍ക്കു സാധിച്ചിരുന്നില്ല.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ‘കട്ടപ്പുറത്ത്’ കയറ്റിയ വാഹനങ്ങളില്‍ ഭൂരിഭാഗവും ഇന്നും റോഡിലിറങ്ങിയിട്ടില്ല.
നിരത്തുകളില്‍ “വിസ്മയം തീര്‍ത്ത’ ബസുകളെല്ലാം ഇന്ന് മഴയും വെയിലുമേറ്റ് നിറം മങ്ങി, തുരുമ്പെടുത്തിരിക്കുകയാണ്.
പല മേഖലകളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടലുകളുണ്ടായിരുന്നില്ല.
വിനോദസഞ്ചാര മേഖലകളിലുള്‍പ്പെടെ കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഭീതി മാറി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്ന് ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കരകയറാനാവൂ.
കേരളത്തിലെ കോണ്‍ട്രാക്ട് കാരേജുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്, കേന്ദ്രസാമൂഹികനീതി,ശാക്തീകരണ മന്ത്രി എ. നാരായണസ്വാമി, മന്ത്രി നാരായണ റാണെ എന്നിവരുള്‍പ്പെടെയുള്ളവരെ കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സിസിഒഎ) സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജു ഗരുഡ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബസുടമകളും ജീവനക്കാരും.
95 ശതമാനവും കട്ടപ്പുറത്ത്
അസോസിയേഷന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് 18,000 ത്തോളം ടൂറിസ്റ്റ് വാഹനങ്ങളാണുള്ളത്. ഇതില്‍ 95 ശതമാനവും സ്റ്റോപ്പേജ് നല്‍കിയിരിക്കുകയാണ്.
അഞ്ചു ശതമാനം മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഒരു ലക്ഷത്തിലേറെ തൊഴിലാളികളാണുള്ളത്.
ശബരിമല യാത്രയ്ക്കു ശേഷം കാര്യമായ ഓര്ഡറുകളുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. മാര്‍ച്ച്, ഏപ്രില്‍ , മേയ് മാസങ്ങളിലാണ് കൂടുതലായും ഓര്‍ഡറുകള്‍ ഉണ്ടാവാറുള്ളത്.
കഴിഞ്ഞ ജനുവരി മുതല്‍ തന്നെ യാത്രകള്‍ പലരും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ഭീതി മൂലം ഓരോന്നായി റദ്ദാക്കി.
പലര്‍ക്കും അഡ്വാന്‍സ് തുകപോലും തിരിച്ചു നല്കാന് കഴിഞ്ഞിരുന്നില്ല. പലരില്‍ നിന്നായി വായ്പ വാങ്ങിയാണ് ഈ തുക വരെ തിരിച്ചു നല്‍കിയതെന്നാണ് ഉടമകള്‍ പറയുന്നത്.
ഒന്നാംതരംഗത്തിനു നേരിയ ശമനമുണ്ടായതോടെ വിവാഹവും അനുബന്ധ ചടങ്ങുകളും നടത്തിയിരുന്നു. ഇക്കാലത്ത് ടൂറിസ്റ്റ് വാഹനങ്ങള്‍ വീണ്ടും ഇളകിത്തുടങ്ങിയെങ്കിലും രണ്ടാംതരംഗം എത്തിയതോടെ വീണ്ടും പ്രതിസന്ധിയിലായി.
താങ്ങാനാവാത്ത നികുതി ഭാരം
നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കു സര്‍ക്കാര്‍ ഈടാക്കുന്ന നികുതി താങ്ങാനാവുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. 49 സീറ്റുള്ള പുഷ്ബാക്ക് ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് 49,000 രൂപയാണു നികുതി.
പുഷ്ബാക്ക് സീറ്റില്ലാത്ത വാഹനങ്ങള്‍ക്ക് മൂന്നുമാസത്തേക്ക് 39,000 രൂപയും നികുതിയായി അടയ്ക്കണം. ഇതിന് പുറേമെ 80,000 രൂപ മുതല്‍ 1,00,000 രൂപവരെ ഇന്‍ഷ്വറന്‍സും 2100 രൂപ ക്ഷേമനിധി വിഹിതവും അടയ്ക്കണം.
ഇതോടെയാണു പലരും സ്റ്റോപ്പേജ് നല്കാന് തീരുമാനിച്ചത്. ഒരുവര്‍ഷവും ഒന്നരവര്‍ഷവും സ്റ്റോപ്പേജ് നല്‍കിയിട്ടുണ്ട്.
അതേസമയം സ്റ്റോപ്പേജ് കാലഘട്ടത്തിലെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നീട്ടി തരണമെന്നും ഉടമകള്‍ സര്‍ക്കാര്‍ മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.
കട്ടപ്പുറത്തായാലും പണം മുടക്ക്
50 ലക്ഷവും അതിനുമുകളിലും ചെലവഴിച്ചാണ് ഓരോ ബസുടമയും ടൂറിസ്റ്റ് ബസുകള്‍ വാങ്ങിയിട്ടുള്ളത്. പലരും വായ്പയെടുത്തും മറ്റുമാണ് ബസ് വാങ്ങിയത്.
ഇത്രയും രൂപ ചെലവഴിച്ച ബസ് ഓടിയാലും ഇല്ലെങ്കിലും ശരാശരി അഞ്ചുലക്ഷം രൂപ വര്‍ഷത്തില്‍ ചെലവു വരും. ഈ ചെലവുകള്‍ ബസ് ഓടിച്ചു കിട്ടുന്ന വരുമാനത്തിലൂടെയായിരുന്നു വഹിച്ചിരുന്നത്.
ടൂറിസ്റ്റ് വാഹനം നിരത്തിലിറക്കിയില്ലെങ്കിലും പണം മുടക്കണമെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തവര്‍ പാട്ടത്തിനു ഭൂമിയെടുത്താണ് ബസുകള്‍ നിര്‍ത്തിയിടുന്നത്.
ഇതിന് പുറമേ മാസത്തിലൊരു തവണയെങ്കിലും ബസ് സ്റ്റാര്ട്ടാക്കിയിടണം. അല്ലാത്തപക്ഷം എന്‍ജിനു തകരാറുകള്‍ സംഭവിക്കും.
ഇത്തരത്തില്‍ എന്ജിന് സ്റ്റാര്‍ട്ടു ചെയ്യാനും ബാറ്ററി പ്രവര്‍ത്തിപ്പിക്കാനും നിശ്ചിത തുക നീക്കിവയ്ക്കേണ്ട അവസ്ഥയാണ്. കൃത്യമായി ബസുകള്‍ പരിപാലിച്ചില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്നു ഉടമകള്‍ പറയുന്നു.
വില്പനമൂല്യവും കുറഞ്ഞു
ഭാരിച്ച ബാധ്യത കണക്കിലെടുത്ത് ബസുകള്‍ വില്പന നടത്താന്‍ പലരും രംഗത്തെത്തിയെങ്കിലും ടൂറിസ്റ്റ് ബസുകള്‍ക്ക് വില പകുതിപോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. 50 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ ബസിന് കഴിഞ്ഞാഴ്ച 20 ലക്ഷം രൂപയാണ് വില കണ്ടത്.
ബസ് തുരുമ്പെടുത്തു നശിച്ചാലും ഈ തുകയ്ക്കു നല്കാന് സാധിക്കില്ലെന്നാണ് ഉടമകള്‍ പറയുന്നത്. ബസുകള്‍ വാങ്ങിയാലും നിരത്തിലിറക്കാന്‍ ഇനിയും കാലതാമസമെടുക്കുമെന്നതിനാലാണ് വില കുറയുന്നത്.