ആലപ്പുഴ: വിനോദസഞ്ചാരികളുമായി കനാലിലൊഴുകേണ്ട ബോട്ടുകൾ കനാലോരത്ത് കാടുപിടിച്ച് നശിക്കുന്നു. ആലപ്പുഴ കനാൽ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി മുപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ കനാലിൽ വിനോദസഞ്ചാരികളെയും വഹിച്ച് നീങ്ങിയിരുന്ന പെഡൽ, റോവിംഗ് ബോട്ടുകളാണ് കനാൽ തീരത്തിരുന്ന് തുരുന്പെടുക്കുന്നത്. കെ.സി. വേണുഗോപാൽ സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന കാലയളവിൽ നടപ്പാക്കിയ കനാൽ സൗന്ദര്യവത്ക്കരണ പദ്ധതികളുടെ ഭാഗമായാണ് കനാലിൽ ബോട്ടിംഗ് ആരംഭിച്ചത്.
നാല് പെഡൽ ബോട്ടുകളും രണ്ട് റോവിംഗ് ബോട്ടുകളുമായിരുന്നു സർവീസ് നടത്തിയിരുന്നത്. പെഡൽ ബോട്ടിന് 20 രൂപയും റോവിംഗ് ബോട്ടിന് 15 രൂപയുമായിരുന്നു വാടകയായി ഈടാക്കിയിരുന്നത്. രാവിലെ 10ന് തുടങ്ങി വൈകുന്നേരം ഏഴിന് അവസാനിക്കുന്ന തരത്തിലായിരുന്നു വിനോദസഞ്ചാരികൾക്കായി ബോട്ടിംഗ് ക്രമപ്പെടുത്തിയിരുന്നത്. സാധാരണ ദിവസങ്ങളിൽ നൂറോളം വിനോദസഞ്ചാരികൾ ബോട്ടിംഗിനെത്തിയിരുന്ന ഇവിടെ അവധി ദിവസങ്ങളിൽ ഇരട്ടിയോളം സഞ്ചാരികളാണെത്തിയിരുന്നത്.
കൂടാതെ വിവാഹ വീഡിയോ ചിത്രീകരണത്തിനും വീഡിയോ ആൽബങ്ങളുടെ ചിത്രീകരണത്തിനുള്ള ലൊക്കേഷനുമായിരുന്നു ഇത്. ജില്ലാകളക്ടർ ചെയർമാനായുള്ള കനാൽ മാനേജ്മെന്റ് സൊസൈറ്റിയ്ക്കായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല. എന്നാൽ ഏകദേശം മൂന്നുവർഷങ്ങൾക്ക് മുന്പ് ചെറിയ ചെറിയ തകരാറുകൾ ഉണ്ടായ ബോട്ടുകൾക്ക് വേണ്ട അറ്റകുറ്റപണികൾ നടത്താൻ അധികൃതർ തയാറാകാതിരുന്നതോടെയാണ് ബോട്ടുകൾ കരയ്ക്കിരുപ്പായത്.
കനാലോരത്ത് കയറ്റിവച്ച റോവിംഗ് ബോട്ടുകളുടെ ഇടയിൽ മരങ്ങൾവളർന്നിരിക്കുകയാണ്. ചെറിയ അറ്റകുറ്റപണികൾ നടത്തി ബോട്ടുകൾ കനാലിലിറക്കാൻ കഴിയുമെങ്കിലും ഇതിന് വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. നിലവിൽ ദിവസേന നിരവധി വിനോദസഞ്ചാരികളാണ് ബോട്ടിംഗിനായി ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്.