കോട്ടയം: കോട്ടയം ടൂറിസത്തില്‍ ഇക്കൊല്ലം കാര്‍മേഘം പടര്‍ന്നിരിക്കുന്നു.ജൂണ്‍, ജൂലൈ മണ്‍സൂണ്‍ ടൂറിസത്തില്‍ വിദേശികളുടെ വരവ് പതിവിലും കുറവായിരുന്നു. തുടര്‍ച്ചയായ വെള്ളപ്പൊക്കത്തിന്റെയും പൊതു അവധികളുടെയും ആലസ്യം വിട്ടൊഴിഞ്ഞിട്ടില്ല.
ഓഗസ്റ്റ് രണ്ടാം ശനിയിലെ ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ കുമരകം സന്ദര്‍ശം പതിവാക്കിയ ടൂറിസ്റ്റുകള്‍ ബുക്കിംഗ് റദ്ദാക്കി. ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങി എല്ലാ മേഖലയിലും അപ്രതീക്ഷിത മാന്ദ്യമാണ്. ഓണത്തിന് പകിട്ടും പരിപാടികളും കുറഞ്ഞതും സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായിട്ടുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം പോലും ബുക്കിംഗ് ലഭിക്കാത്ത ഹൗസ് ബോട്ടുകള്‍ വേമ്പനാട്ട് കായല്‍തീരത്ത് ഏറെയാണ്. ആലപ്പുഴ മുതല്‍ കുമരകം വരെയുള്ള മുന്നൂറോളം ഹൗസ് ബോട്ടുകളുടെ ജീവനക്കാര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. വയനാട് പ്രകൃതിദുരന്തത്തെത്തുടര്‍ന്ന് സമ്മേളനങ്ങളും ചടങ്ങുകളും മുടങ്ങിയതും റിസോര്‍ട്ടുകള്‍ക്ക് തിരിച്ചടിയായി.
ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും ഓണക്കാലത്ത് വരുമാനം നഷ്ടപ്പെട്ടു. വള്ളംകളി വൈകിയതിനാല്‍ ഇക്കൊല്ലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ ഇനി സാധ്യതയില്ല. യൂറോപ്പില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ്വരെ വേനല്‍ അവധിക്കാലത്താണ് വിദേശികള്‍ കുമരകം ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ എത്തിയിരുന്നത്.
മിന്നല്‍ പ്രളയങ്ങളെത്തുടര്‍ന്ന് നാല് ഘട്ടമായി ഒരു മാസത്തോളെ മലയോര ടൂറിസത്തിനും നിയന്ത്രണമുണ്ടായി. ഇല്ലിക്കക്കല്ല്, വാഗമണ്‍, മാര്‍മല അരുവി, ഇലവീഴാപ്പൂഞ്ചിറ എന്നിവിടങ്ങളില്‍ സന്ദര്ശനനിരോധനം പതിവായതോടെ പ്രാദേശിക ടൂറിസവും തകര്‍ന്നു. ടാക്സി, ടൂറിസ്റ്റ് വാഹനങ്ങളുടെ ഓട്ടം കുറഞ്ഞത് ഗതാഗതത്തെയും സാരമായി ബാധിച്ചു.