കൊല്ലം: കേരളം കാണാതെ പൂര്‍ണമാകില്ല ഒരു വിനോദസഞ്ചാര യാത്രയുമെന്ന് തീര്‍ച്ചപ്പെടുത്തുകയാണ് കൊറിയക്കാരനായ ഹാരി ഹുവാംഗ്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള ലോക വിനോദസഞ്ചാര സംഘടനയുടെ പഠനസംഘത്തിലെ മുതിര്‍ന്ന അംഗമാണ് ഹാരി.
വിനോദസഞ്ചാര മേഖലയില്‍ സ്വീകരിക്കേണ്ട നയങ്ങളും സമീപനവും സംബന്ധിച്ച പഠനവുമായി ബന്ധപ്പെട്ടാണ് 16 അംഗ സംഘം അഷ്ടമുടിക്കായലോരവും ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളും സന്ദര്‍ശിച്ചത്.
രാജ്യാന്തരതലത്തില്‍ പരസ്പരം ബന്ധപ്പെടുത്താവുന്ന ഭാവനാപൂര്‍ണമായ പദ്ധതികളാണ് ഇനിയങ്ങോട്ട് കേരളത്തിന് ഗുണകരമാവുകയെന്ന് സംഘത്തിലെ മുതിര്‍ന്ന അംഗം കൂടിയായ ഹാരി വ്യക്തമാക്കി.
ആതിഥ്യ മര്യാദയില്‍ മലയാളികള്‍ ഏറെ മുന്നിലാണെന്നാണ് സംഘാംഗങ്ങളുടെ വിലയിരുത്തല്‍. വിവിധ രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള സഞ്ചാര പാക്കേജ് രൂപീകരിക്കുന്നതിന് ശുപാര്‍ശ ചെയ്യും. കേരളം കൂടി ഉള്‍പ്പെട്ടതാകും പാക്കേജെന്ന് പഠനസംഘം അറിയിച്ചു.
പെസഫിക് ദ്വീപ സമൂഹത്തിലെ സമോവ, കംബോഡിയ, വിയറ്റ്നാം, അഫ്ഗാനിസ്ഥാന്, മലേഷ്യ തുടങ്ങി 16 രാജ്യങ്ങളിലുള്ളവര്‍ സംഘത്തിലുണ്ട്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്തിലാണ് ഇവര്‍ക്ക് ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കിയത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്, ഡി.റ്റി.പി.സി സെക്രട്ടറി സി. സന്തോഷ്കുമാര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.