സ്വന്തം ലേഖകൻ
തൃശൂർ: അവധിക്കാല വിനോദസഞ്ചാര യാത്രകളുമായി ടൂറിസം വകുപ്പിന്റെ ടൂർ പാക്കേജുകളൊരുങ്ങി. കാടും മേടും കോളും കണ്ടലും കണ്ട് അവധിക്കാലം അടിച്ചുപൊളിക്കാൻ വൈവിധ്യമാർന്ന പാക്കേജുകളാണ് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ളത്.
ജംഗിൾ സഫാരി
കേരളത്തിലെ ഏറ്റവും മനോഹരമായ വനപാതയിൽ കൂടിയുള്ള 90 കി.മീ നീളുന്ന മലക്കപ്പാറ ജംഗിൾ സഫാരിയാണ് ഇതിൽ പ്രധാനം. തുന്പൂർമുഴി ഡാം, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പെരിങ്ങൽകുത്ത്, ഷോളയാർ, ആനക്കയം, മലക്കപ്പാറ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളും വന്യമൃഗങ്ങളെയും നേരിട്ട് കാണുന്ന വിധമാണ് ജംഗിൾ സഫാരി.
രാവിലെ എട്ടിന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി എട്ടിന് തിരിച്ചെത്തും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, പ്രവേശനപാസുകൾ, ശീതീകരിച്ച വാഹനത്തിൽ ഗൈഡിന്റെ സേവനം എന്നിവയെല്ലാമടക്കം ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്.താത്പര്യമുള്ളവർ തുന്പൂർമൂഴി ഡിഎംസിയുമായി 0480 -2769888 എന്ന നന്പറിൽ ബന്ധപ്പെടണം.
വാൽപ്പാറ ഹിൽ സഫാരി
രാവിലെ 6.30 ന് തൃശൂർ ജില്ലാ ടൂറിസം ഓഫീസിൽ നിന്നും ആരംഭിക്കുന്ന വാൽപ്പാറ ഹിൽസഫാരി യാത്ര രാത്രി 10.30ന് തൃശൂർ വഴി ചാലക്കുടിയിൽ തിരിച്ചെത്തും.
തുന്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ, ആനക്കയം, മലക്കപ്പാറ, അപ്പർ ഷോളയാർ ഡാം, വാൽപ്പാറ, അട്ടകെട്ടി, 40 ഹെർ പിൻ വളവുകൾ, ആളിയാർ ഡാം എന്നിവ ഹിൽസഫാരി യാത്രയിൽ കാണാം. ഭക്ഷണം ,പ്രവേശന പാസുകൾ, ട്രാവൽകിറ്റ്, ഗൈഡിന്റെ സേവനം എന്നിവയടക്കം 2000 രൂപയാണ് നിരക്ക്.
തൃശൂർ കോൾ ആൻഡ് ലാൻഡ് ടൂർ
കേരള ടൂറിസം വകുപ്പിന് കീഴിലുള്ള അതിരപ്പിള്ളി – വാഴച്ചാൽ – തുന്പൂർമുഴി ഡിഎംസി ഒരുക്കുന്ന തൃശൂർ കോൾ ആൻഡ് ലാൻഡ് ടൂർ വേറിട്ട യാത്രാനുഭവമാകുമെന്നതിൽ സംശയമില്ല. തൃശൂരിന്റെ കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ചാലക്കുടി പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ നിന്ന് രാവിലെ ഏഴിനാരംഭിക്കുന്ന യാത്ര തൃശൂർ ജില്ല ടൂറിസം ഓഫീസിൽ ഏഴരക്കെത്തും. തുടർന്ന് തൃശൂർ കോൾപ്പാടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് അപൂർവ്വങ്ങളായ ദേശാടന പക്ഷികളെയും നാടൻ കിളികളെയും കണ്ട് യാത്ര.
വയൽക്കാറ്റേറ്റ് പാടവരന്പത്തെ ചെറിയനാടൻ ചായക്കടയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം യാത്ര ചേറ്റുവയിലേക്കാണ്. ചേറ്റുവ കായലിനോട് ചേർന്നുള്ള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ റെസ്റ്റോററ്റിലാണ് ഉച്ചഭക്ഷണം. ചേറ്റുവ കായലും കനോലി കനാലും ചേരുന്ന പക്ഷികളുടെ പറുദീസയായ കണ്ടൽക്കാടുകൾക്കിടയിലൂടെ രസകരമായ ബോട്ടിങ്ങും നടത്താം.
കേരളത്തിലെ വ്യത്യസ്ത ഇനം കണ്ടലുകളെക്കുറിച്ചുള്ള ഗൈഡിന്റെ വിവരണത്തിനോടൊപ്പം കണ്ടലുകളെ അടുത്തറിഞ്ഞ് ഒരു ബോട്ട് സഫാരിയാണ് ഒരുക്കുന്നത്. കണ്ടലുകൾക്കിടയിൽ ജീവിക്കുന്ന അപൂർവ്വ ഇനം ജലജീവികളെയും പക്ഷികളെയും കണ്ടു കൊണ്ട് യാത്ര പിന്നീട് ചാവക്കാട് ബീച്ചിലേക്കെത്തും. ബീച്ച് വാക്കിനു ശേഷം തൃശൂർ വഴി തിരിച്ച് ചാലക്കുടിയിൽ രാത്രി എത്തും. 850 രൂപയാണ് ഇതിന്റെ നിരക്ക്.വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും 0480 2769888, 9497069888 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
നെല്ലിയാന്പതി ഫാം ടൂർ
ചാലക്കുടിയിൽ നിന്നും രാവിലെ എട്ടിന് പുറപ്പെട്ട് തൃശൂർ വഴി നെല്ലിയാന്പതിക്ക് പോകുന്ന യാത്ര പോത്തുണ്ടി ഡാം, സീതാർക്കുണ്ട് താഴ്വര, ഗ്രീൻലാന്റ് ഫാം, സർക്കാർ ഓറഞ്ച് ഫാം എന്നിവ സന്ദർശിച്ച് രാത്രി എട്ടു മണിയോടെ തിരിച്ചെത്തുന്നു. ഈ യാത്രയ്ക്ക് 1000 രൂപയാണ് നിരക്ക്. ജ്യൂസ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം, ഗൈഡിന്റെ സേവനം എന്നിവ ലഭ്യമായിരിക്കും.
കേരള ടൂറിസം വകുപ്പും അതിരപ്പിള്ളി – വാഴച്ചാൽ – തുന്പൂർമുഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗണ്സിലും ചേർന്നൊരുക്കുന്ന ഈ യാത്രകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 0480 2769888, 949 7069 888 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.