തൃശൂർ: നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് ചെയ്യുന്ന നിർമാണപ്രവർത്തനങ്ങളുടെ കാലാവധി നീണ്ടുപോകരുതെന്നു മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു.
വിലങ്ങൻകുന്നിൽ ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം. ഇതിന് എല്ലാത്തലത്തിലും ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് നടത്തണം.
സംസ്ഥാനത്തു 75 ടൂറിസം കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയതായും മന്ത്രി അറിയിച്ചു. ജില്ലയിൽ അതിരപ്പിള്ളി യാത്രിനിവാസിനു നാലു കോടി, തുന്പൂർമുഴി ടൂറിസ്റ്റ് കേന്ദ്രത്തിനു നാലു കോടി, വാഴാനി – പൂമല ടൂറിസം പദ്ധതിക്കു നാലു കോടി, രാമനിലയം നവീകരണത്തിന് രണ്ടു കോടി, പീച്ചി ഡാം നവീകരണത്തിന് അഞ്ചു കോടി, കിളിപ്പാടം ടൂറിസം പദ്ധതിക്ക് രണ്ടു കോടി, ഗുരുവായൂർ ഗസ്റ്റ് ഹൗസ് നിർമാണ പ്രവർത്തനങ്ങൾക്ക് 22 കോടി എന്നിങ്ങനെ തുക അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുരിയാക്കോസ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ജയചന്ദ്രൻ, കളക്ടർ എസ്.ഷാനവാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.