പെരുമ്പാവൂർ: ലോക വിനോദ സഞ്ചാരദിനത്തിൽ ആളൊഴിഞ്ഞ് അടച്ച് പൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കഴിഞ്ഞ ഏഴ് മാസമായി എന്ന് തുറക്കാനാകും എന്ന് നിശ്ചയമില്ലാത്ത നിലയിലാണ്.
ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം, നെടുമ്പാറ ചിറ, പാണംകുഴി മഹാഗണി തോട്ടം, പാണിയേലി പോര് എന്നിവ മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്.
വനം വകുപ്പിനു കീഴിൽ ഫോറസ്റ്റ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കേന്ദ്രങ്ങളിൽ വർഷംതോറും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്.
തദേശീയരായ വന സംരക്ഷണ സമിതി അംഗങ്ങളാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത്. ഇവരും വരുമാനം നിന്നതോടെ പ്രതിസന്ധിയിലായി. സർക്കാർ ടൂറിസം മേഖലയ്ക്ക് പ്രഖ്യാപിച്ച സഹായം ഇവർക്ക് ലഭ്യമായില്ല.
വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതി അംഗങ്ങൾക്ക് സഹായധനം പ്രത്യേകമായി നൽകണമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു നൽകിയ നിവേദനത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ്, അംഗം സരള കൃഷ്ണൻ കുട്ടി എന്നിവർ ആവശ്യപ്പെട്ടു.
കേരളത്തിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയമാണിത്. 2018 ലെ മഹാപ്രളയം ഈ മേഖലയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ചെങ്കിൽ കൊറോണ വൈറസ് വ്യാപനം തകർച്ചക്ക് ആക്കം കൂട്ടി.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഈ പ്രദേശത്തെ പാണംകുഴി ഹരിത ബയോ പാർക്ക് പോലെയുള്ള സ്വകാര്യ സംരഭകരും വലിയ പ്രതിസന്ധിയെ നേരിടുകയാണ്.
നിരവധി ജീവജാലങ്ങളുടെ സംരക്ഷണം വലിയ സാമ്പത്തിക ബാധ്യതയാണ് ഇത്തരക്കാർക്ക് വരുത്തി വയ്ക്കുന്നത്. മഴക്കാർ നീങ്ങി മാനം തെളിയുമെന്ന പ്രതീക്ഷ പോലെ ഈ കാലഘട്ടവും മാറി സഞ്ചാരികളുടെ വരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.