തൃശൂർ: തൃശൂരിന്റെ കോൾപാടങ്ങളിലൂടെ സഞ്ചരിച്ച് അപൂർവങ്ങളായ ദേശാടനപക്ഷികളെയും നാടൻകിളികളെയും കണ്ട് മറ്റ് അനവധി വ്യത്യസ്ത അനുഭവങ്ങളുമായൊരു യാത്രയ്ക്ക് അവസരം.കേരള ടൂറിസം വകുപ്പിനു കീഴിലുള്ള അതിരപ്പിള്ളി-വാഴച്ചാൽ-തുന്പൂർമുഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗണ്സിലാണ് ഇത്തരമൊരു യാത്രയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്.
കോൾപാടങ്ങൾ കൂടാതെ, ചേറ്റുവ കായൽ, കാനോലി കനാലിൽ കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ടിംഗ്, ചാവക്കാട് ബീച്ച് എന്നിവയെല്ലാം ഉൾപ്പെടുന്ന പാക്കേജാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴിന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽനിന്ന് ആരംഭിച്ച് 7.30ന് തൃശൂരിൽ എത്തി കോൾപാടങ്ങളിലൂടെ സഞ്ചരിച്ച് പക്ഷികളെ അടുത്തറിഞ്ഞ് വയൽകാറ്റേറ്റ് നീങ്ങാം.
ഇതോടൊപ്പം പ്രഭാതഭക്ഷണം പാടവരന്പത്തെ ചെറിയ നാടൻ ചായക്കടയിൽനിന്നാണ്. തുടർന്ന് ചേറ്റുവയിലേക്ക്. ഇവിടെ കായലിനോടു ചേർന്നുള്ള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ റസ്റ്റോറന്റിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. തുടർന്ന് ചേറ്റുവ കായലും കാനോലി കനാലും ഇഴചേരുന്ന പക്ഷികളുടെ പറുദീസയായ കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ടിംഗ്.
കേരളത്തിലെ കണ്ടൽ സൗന്ദര്യത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ബോട്ട് സവാരി. കണ്ടലുകൾക്കിടയിലുള്ള അപൂർവയിനം ജലജീവികളെയും കാണാനാകും.സായാഹ്നസൂര്യന്റെ സൗന്ദര്യം നുകർന്ന് ചാവക്കാട് ബീച്ചിലേക്ക്. ബാല്യകാല സ്മരണകളെ ഓർമപ്പെടുത്തിക്കൊണ്ട് പട്ടം പറത്തിക്കൊണ്ട് ബീച്ചിലൂടെയുള്ള നടത്തം നവ്യമായ ഒരനുഭവമാകും.
അവിടെനിന്ന് തിരിച്ച് രാത്രി എട്ടിന് ചാലക്കുടിയിൽ എത്തുന്ന വിധമാണ് ക്രമീകരണങ്ങൾ. ഈ യാത്രയ്ക്ക് 850 രൂപ മാത്രമാണ് നിരക്ക്. വിശദവിവരങ്ങൾക്കും ബുക്കിംഗിനുമായി 0480 2769888, 9497069888 നന്പറുകളിൽ വിളിക്കാം.