തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തിങ്കളാഴ്ച തുറക്കും. ഹിൽസ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പ്രോട്ടോകോൾ പ്രകാരം തുറക്കുന്നതിന് ഉത്തരവിറക്കി. എന്നാൽ, ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം നവംബർ ഒന്നിനു മാത്രമേ തുറക്കുകയുള്ളു.
ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുൻകരുതൽ പാലിച്ചു രണ്ടു ഘട്ടമായി പ്രവേശനത്തിന് അനുമതി നൽകുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെയാണ് പ്രവേശനം. ഹൗസ് ബോട്ടുകൾക്കും മറ്റു ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും അനുമതി നൽകി.
ആറു മാസമായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണു തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാല് ഉത്തരവിൽ നിരോധിത കാറ്റഗറിയിൽ ടൂറിസം ഉൾപ്പെടുത്തിയിട്ടില്ല.
മുൻകരുതലുകൾ പാലിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നതിൽ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു മന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഒരാഴ്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്ൈറൻ നിർബന്ധമില്ല. സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ, ടൂറിസ്റ്റുകൾ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം.
ഏഴു ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയോ കേരളത്തിൽ എത്തിയാലുടൻ കോവിഡ് പരിശോധന നടത്തുകയോ വേണം.
അല്ലെങ്കിൽ അവർ ഏഴു ദിവസം ക്വാറന്ൈറനിൽ പോകേണ്ടിവരും. സാനിറ്റൈസർ കരുതണം. രണ്ടു മീറ്റർ ആകലം പാലിക്കണം.ഹോട്ടൽ ബുക്കിംഗും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈൻ സംവിധാനത്തിലൂടെയാകണമെന്ന നിർദേശവും ഉത്തരവിലുണ്ട്.